പാലായിലും പൂഞ്ഞാറിലും മത്സരിക്കാൻ പി.സി ജോർജ്; മുന്നണിയിൽ കയറാൻ മാണിയെ വീഴ്ത്താൻ എൽഡിഎഫ് നിർദേശം

സ്വന്തം ലേഖകൻ

കൊച്ചി: പി.സി ജോർജിന്റെ പാർട്ടിയ്ക്കു ഇടതു മുന്നണിയിൽ സ്ഥാനം ഉറപ്പാക്കണമെങ്കിൽ പാലായിൽ മാണിയെ തോൽപ്പിക്കണമെന്ന നിർദേശവുമായി ഇടതു മുന്നണി. പാലായിൽ പി.സി ജോർജ് മാണിക്കെതിരെ മത്സരിക്കണമെന്ന നിർദേശവും സിപിഎം മുന്നോട്ടു വയ്ക്കുന്നു. ഇതോടെ പാലായിലും പൂഞ്ഞാറിലും ഒരേ സമയം മത്സരിക്കാനാണ് ജോർജിന്റെ നീക്കം.
പാലാ നിയോജക മണ്ഡലത്തിൽ അരനൂറ്റാണ്ടായി എംഎൽഎയായിരിക്കുന്ന കെ.എം മാണിയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുന്നതിനായി ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗി്ക്കുന്നതിനാണ് ഇപ്പോൾ സിപിഎം ശ്രമിക്കുന്നത്. പൂഞ്ഞാറിലെ എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായിരുന്ന പി.സി ജോർജിനെ ഇതിനായി നിയോഗിക്കുന്നതിനാണ് ഇപ്പോൾ ഇടതു മുന്നണിയുടെ പദ്ധതി. ജോർജിനെ മുന്നണിയിലെടുക്കണമെങ്കിൽ പാലായിൽ കെ.എം മാണി പരാജയപ്പെടണമെന്ന നിർദേശമാണ് ഇപ്പോൾ ഇടതു മുന്നണി മുന്നോട്ടു വച്ചിരിക്കുന്നത്.
കേരള കോൺഗ്രസുകൾ പിളർന്ന സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ കോട്ടയം ജില്ലയിലെ എല്ലാ സീറ്റുകളിലും സൗഹൃദ മത്സരത്തിനുള്ള സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ഇത് ഇടതു മുന്നണിക്കു കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കുമെന്ന വിശ്വാസത്തിലാണ് ജില്ലയിലെ ഇടതു നേതാക്കൾ. പാലായേ കൂടാതെ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂർ, കടുത്തുരുത്തി സീറ്റുകളിലാണ് കഴിഞ്ഞ തവണ ജില്ലയിൽ കേരള കോൺഗ്രസ് മത്സരിച്ചത്. ഇതിൽ കടുത്തുരുത്തിയിലും, പൂഞ്ഞാറിലും ഒഴികെ മറ്റെല്ലാ സീറ്റിലും മാണി വിഭാഗം തന്നെയാണ് മത്സരിച്ചത്. ഏറ്റുമാനൂരിൽ മത്സരിച്ച കേരള കോൺഗ്രസ് നേതാവ് തോമസ് ചാഴികാടൻ പരാജയപ്പെടുകയും ചെയ്തിരുന്നു.
പിളർപ്പിന്റെ സാഹചര്യത്തിൽ പാലായിൽ പി.സി ജോർജ് മാണിക്കെതിരെ മത്സരിച്ചാൽ, പൂഞ്ഞാറിൽ പി.സിക്കെതിരെ ഫ്രാൻസിസ് ജോർജിനെ കൊണ്ടു വരുന്നതിനായിരുന്നു കേരള കോൺഗ്രസിന്റെ നീക്കം. എന്നാൽ, ജോസഫ് വിഭാഗം മാണിയുമായി ഇടഞ്ഞു നിൽക്കുന്നതിനാൽ ഇവിടെ മാണി വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പന്റെയും, ജോജി കുറത്തിയാടന്റെയും പേരുകളാണ് പരിഗണിക്കുന്നത്. ഫ്രാൻസിസ് ജോർജല്ലാതെ മറ്റൊരു മത്സരിച്ചാലും ഇവിടെ വിജയം അവകാശപ്പെടാൻ സാധിക്കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. ചങ്ങനാശേരിയിൽ നിലവിലെ എംഎൽഎ സി.എഫ് തോമസ് തന്നെ മത്സരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, മാണിക്കെതിരെ ആദ്യമായി പ്രതികരിച്ച ജോബ് മൈക്കിൾ ജോസഫ് വിഭാഗത്തിലേയ്ക്കു ചാടി സി.എഫ് തോമസിനെതിരെ മത്സരിച്ചേക്കും.
ഏറ്റമാനൂരിൽ തോമസ് ചാഴികാടൻ തന്നെ മത്സരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, സീറ്റ് വിട്ടു തന്നില്ലെങ്കിൽ വിമതനായി മത്സരിക്കുമെന്ന ഭീഷണി ഉയർത്തിയാണ് കോൺഗ്രസ് ഇതിനെ നേരിടുന്നത്. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, കെപിസിസി സെക്രട്ടറി ലതികാ സുഭാഷ് എന്നിവരുടെ പേരുകളും ഇവിടേയ്ക്കുല പരിഗണിക്കുന്നുണ്ട്. കടുത്തുരുത്തിയിൽ കേരള കോൺഗ്രസിന്റെ പതിവ് സൗഹൃദ മത്സരത്തിനു തന്നെയാണ് ഇത്തവണയും കളമൊരുങ്ങുന്നത്. മോൻസിനെതിരെ മത്സരത്തിനിറങ്ങുന്നത് സ്ഥിരം ശത്രു സ്റ്റീഫൻ ജോർജ് തന്നെയാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top