കേരള കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍!!കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് യു.ഡി.എഫ് കണ്‍വീനര്‍

കോട്ടയം :കേരള കോണ്‍ഗ്രസില്‍ ജോസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. പ്രചാരണത്തിന് പി.ജെ ജോസഫ് ഓണത്തിന് ശേഷമിറങ്ങും. യു.ഡി.എഫ് കണ്‍വന്‍ഷനില്‍ കൂവലുണ്ടായത് ഉള്‍പ്പെടെ ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടി. ജോസഫിനെ വിമര്‍ശിച്ച് പ്രതിച്ഛായയില്‍ ലേഖനം വന്നതും കടുത്ത വിമര്‍ശനമായി ജോസഫ് വിഭാഗം ഉന്നയിച്ചു. പാലായില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ ഉറപ്പുനല്‍കിയതുകൊണ്ടാണ് ഇപ്പോള്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറാകുന്നതെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ കോട്ടയം ഡി.സി.സി ഓഫീസിലാണ് സമവായ ചര്‍ച്ച നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോണ്‍ഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തമാക്കണമെന്ന് ജോസഫ് പക്ഷം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഒരുമിച്ചുള്ള പ്രചാരണത്തിന് സാഹചര്യം ഒരുക്കണമെന്നും ജോസഫ് പക്ഷം യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫും ജോയി ഏബ്രഹാമുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ത്. ഇന്നലെ സമവായ ചര്‍ച്ച തീരുമാനിച്ചിരുന്നെങ്കിലും ബെന്നി ബെഹനാന്റെ അസൗകര്യത്തെ തുടര്‍ന്ന് ചര്‍ച്ച സാധ്യമായിരുന്നില്ല.അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ ഉറപ്പ് നല്‍കിയെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചക്ക് ശേഷമായിരുന്നു ഇരുവരുടേയും പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top