നാടകത്തിന് അന്ത്യം; വിശ്വാസവോട്ടെടുപ്പില്‍ പളനി സ്വാമിയ്ക്ക് വിജയം, രാഷ്ട്രപതി ഭരണത്തിലേയ്ക്ക് പോകാതെ കാത്തു

ചെന്നൈ: രാഷ്ട്രീയ നാടകങ്ങളും ബഹളങ്ങളും ഒടുങ്ങി. അവസാനം പളനി സാമി വിശ്വാസ വോട്ടില്‍ വിജയിച്ചതായി പ്രഖ്യാപനം. എംഎല്‍എമാരുടെ പ്രതിഷേധം മൂലം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം മൂന്നു മണിക്കു പുനരാരംഭിക്കാനിരിക്കെ, സഭയ്ക്കുള്ളില്‍നിന്നു ഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ നിര്‍ദേശപ്രകാരം സുരക്ഷാ ജീവനക്കാര്‍ ബലം പ്രയോഗിച്ചു നീക്കി. പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കി. വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലിയുള്ള ബഹളം മൂലം രണ്ടാം തവണയും നിര്‍ത്തിവച്ച സമ്മേളനം മൂന്നു മണിക്കു വീണ്ടും ചേരുമെന്നാണ് സ്പീക്കര്‍ പി. ധനപാല്‍ അറിയിച്ചിരിക്കുന്നത്. അപ്പോള്‍ സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനാണ് നടപടി. ഇതോടെ, പളനിസാമിക്ക് സഭയില്‍ വിശ്വാസവോട്ടു നേടാനുള്ള സാഹചര്യവും ഒരുങ്ങി. അതോടെ രാഷ്ട്രപതി ഭരണം എന്ന കൊടുവാള്‍ മാറിക്കിട്ടി.

11 മണിക്ക് ആരംഭിച്ച സമ്മേളനം ബഹളത്തെ തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷം നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഒരുമണിയോടെ വീണ്ടും സഭ സമ്മേളിച്ചെങ്കിലും സംഘര്‍ഷം അയവില്ലാതെ തുടര്‍ന്നതോടെ പ്രതിപക്ഷ എംഎല്‍എമാരെയും പനീര്‍സെല്‍വം വിഭാഗക്കാരെയും സഭയില്‍നിന്നു പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. ഇവരെ ബലം പ്രയോഗിച്ചു നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സഭാ നടപടികള്‍ മൂന്നുമണി വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഡിഎംകെ എംഎല്‍എമാര്‍ തന്നെ അപമാനിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി സ്പീക്കര്‍ ആരോപിച്ചു. നിയമാനുസൃതമായി ജോലി ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top