തൃശൂര്‍: പാലിയേക്കരയിലെ ടോളിന്റെ പേരില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള. കൊള്ള തുറന്നുകാട്ടി വിവരാവകാശരേഖ പുറത്ത്. 721 കോടിരൂപയായി നിര്‍മാണക്കരാര്‍ പുതുക്കിയ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ എണ്‍പത്തിരണ്ട് കിലോമീറ്റര്‍ റോഡിന് കഴിഞ്ഞ ഡിസംബര്‍വരെ പിരിച്ചത് 644 കോടിരൂപയാണ്. ടോള്‍ കാലാവധി പൂര്‍ത്തിയാകുന്ന 2028 ജൂണ്‍വരെയുള്ള കണക്കുപ്രകാരം രണ്ടായിരംകോടിയിലധികം രൂപയാണ് പൊതുജനം നല്‍കേണ്ടത്.
2012ലാണ് പാലിേയക്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയത്. കഴിഞ്ഞ ഡിസംബറിലെ കണക്കുപ്രകാരം പ്രതിദിന ടോള്‍ പിരിവ് 34ലക്ഷംരൂപയാണെന്ന് വിവരാവകാശത്തിനുള്ള മറുപടിയായി ദേശീയപാത അതോറിറ്റിതന്നെ വ്യക്തമാക്കുന്നു. ആ കണക്കു ശരിയെങ്കില്‍ കഴിഞ്ഞ ഡിസംബര്‍വരെയുള്ള ആറുവര്‍ഷക്കാലയളവില്‍ പിരിച്ചെടുത്തത് 644കോടിരൂപ. ഇതേരീതിയില്‍ പിരിവ് തുടര്‍ന്നാല്‍ ഈ വര്‍ഷംമുതല്‍ ടോള്‍ കാലാവധി അവസാനിക്കുന്ന 2028 ജൂണ്‍വരെ പിരിച്ചെടുക്കുന്നത് 1006കോടിരൂപയും. തീവെട്ടിക്കൊള്ള അവിടെയും തീരില്ല. 312 കോടിയില്‍നിന്ന് 630കോടിയായും ഇപ്പോള്‍ 721കോടിയായും ഉയര്‍ന്ന കരാര്‍പ്രകാരം ടോള്‍ കാലാവധി പൂര്‍ത്തിയാകുന്ന 2028 ജൂണ്‍വരെ കമ്പനി കൈക്കലാക്കുക 2059 കോടിയിലധികം രൂപയാണെന്ന് ഇതേ വിവരാവകാശരേഖയിലെ വസ്തുതകള്‍വച്ച് കണക്കാക്കിയാല്‍ വ്യക്തമാകും.
ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നിര്‍മാണ കമ്പനിയുമായുള്ള കരാറില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. വര്‍ഷംതോറുമുള്ള ടോള്‍വര്‍ധനകൂടി കണക്കാക്കിയാല്‍ 2500കോടിയോളം രൂപയുടെ വന്‍ തീവെട്ടിക്കൊള്ളയാണ് വരുംവര്‍ഷങ്ങളില്‍ നടക്കുകയെന്നും ആരോപണമുയര്‍ന്നു.