ജനങ്ങള്‍ ടോള്‍ നല്‍കണം, സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല..!! തുറന്നുപറഞ്ഞ് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: സ്വകാര്യ ഏജന്‍സികളെക്കൊണ്ട് റോഡുകള്‍ നിര്‍മ്മിച്ച് ദിവസപ്പിരിവുമായി ജനങ്ങളെ വലയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍. ജനങ്ങള്‍ക്ക് നല്ല റോഡ് വേണമെങ്കില്‍ അവര്‍ നിര്‍ബന്ധമായും ടോള്‍ തരണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തുറന്നുപറഞ്ഞു. ടോള്‍ സമ്പ്രദായം നിര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡുകള്‍ നന്നാക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍ ആവശ്യത്തിന് പണമില്ലെന്നും നിതിന്‍ ഗഡ്കരി. എന്നാല്‍ കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് 40,000 കിലോമീറ്ററിന്റെ ഹൈവേകള്‍ രാജ്യത്ത് നിര്‍മ്മിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

‘നിരക്കുകളില്‍ വ്യത്യാസം വരുമെങ്കിലും ടോള്‍ പിരിക്കുന്നത് തുടരുക തന്നെ ചെയ്യും. ടോള്‍ സമ്പ്രദായം എന്റെ ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയമാണ്. നല്ല സേവനം ആവശ്യമുണ്ടെങ്കില്‍ ജനങ്ങള്‍ ടോള്‍ നല്‍കണം. സര്‍ക്കാരിന്റെ കൈയില്‍ ഇതിനായി പണമില്ല.’ ഗഡ്കരി ഊന്നി പറഞ്ഞു.

വാഹന ഗതാഗതത്തിനും ഹൈവേകള്‍ക്കും വേണ്ടി ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി. ചര്‍ച്ചയില്‍, രാജ്യത്ത് ഇപ്പോഴും ജനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുന്നതിനെ കുറിച്ച് ഏതാനും ലോക്‌സഭാ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അപ്പോഴാണ് ടോള്‍ പിരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തുടരുമെന്നും, ഇങ്ങനെ പിരിച്ചുകിട്ടുന്ന പണം ഗ്രാമീണ മേഖലയിലും, രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളിലുമുള്ള റോഡ് വികസനത്തിന് സര്‍ക്കാര്‍ ഉപയോഗിക്കുമെന്നും കേന്ദ്ര മന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് വാങ്ങുന്നതിനുപുറമേയുള്ള ടോള്‍ പിരിവ് അന്യായമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

Top