
പന്തളം: പന്തളം രാജകൊട്ടാരത്തില്‍ നിന്നും അരവണയും ഉണ്ണിയപ്പവും വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം അറിയിച്ചു. പന്തളം കൊട്ടാരത്തില്‍ നിന്നും ഉണ്ണിയപ്പം, അരവണ എന്നിവ വില്‍ക്കുന്നുണ്ടെന്നും ഇതില്‍ നിന്നുള്ള വരുമാനം യുവതി പ്രവേശത്തിനെതിരായ കേസുകള്‍ നടത്താന്‍ വിനിയോഗിക്കുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ തോതിലുള്ള പ്രചാരണമാണ് ഇത്തരത്തില്‍ നടന്നത്. ശബരിമലയില്‍ നിന്നും ഉണ്ണിയപ്പവും അരവണയും വാങ്ങാതെ പന്തളം കൊട്ടാരത്തില്‍ എത്തി വാങ്ങണം…ഭക്തന്മാരും വിശ്വാസികളും ഇങ്ങനെ ചെയ്യണം എന്നൊക്കെയാണ് പ്രചാരണങ്ങള്‍. ഇത്തരം വ്യാജപ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ നിര്‍വാഹക സംഘം അറിയിച്ചു.