പോയസ് ഗാര്‍ഡന്‍ സ്മാരകമാക്കുമെന്ന് പനീര്‍ശെല്‍വം; അമ്മയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുവകകളിലും കണ്ണ്

ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിതയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ച് പനീര്‍ശെല്‍വം. ശശികലയ്ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും തിരിച്ചടി നല്‍കുന്ന തീരുമാനമാണിതെന്ന് റിപ്പോര്‍ട്ട്. കൂടാതെ കോടിക്കണക്കിന് വരുന്ന ജയലളിതയുടെ സ്വത്ത് വകകളെ നിയന്ത്രിക്കാനും പനീര്‍ശെല്‍വവും ശശികലയും തമ്മില്‍ മത്സരിക്കുന്നുണ്ട്. സ്മാരകമാക്കുന്നതിനായി ഉടന്‍ തന്നെ ഉത്തരവിറക്കുമെന്നും സൂചനയുണ്ട്. ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചതിന് ശേഷമാണ് ഇപ്പോള്‍ അവരുടെ വീട് സ്മാരകമാക്കുമെന്ന പ്രഖ്യാപനം.

വേദനിലയത്തില്‍ ശശികലയാണ് ഇപ്പോള്‍ താമസിക്കുന്നത്. സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ശശികലയ്ക്ക് അത് വന്‍ തിരിച്ചടിയാകും. ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ വീട്ടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആരാധകരുടേയും പ്രവാഹമായിരുന്നു. ഈ വീട് അവരുടെ ആരാധകരുടെ വികാരത്തിന്റെ ഭാഗമാണ്. അതു തന്നെയാണ് പനീര്‍ശെല്‍വത്തിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ജയലളിത ജീവിച്ചിരിക്കുമ്പോള്‍ വേദനിലയത്തില്‍ തിരക്കൊഴിഞ്ഞ സമയമുണ്ടായിരുന്നില്ല. വേദനിലയത്തിന്റെ ഒന്നാമത്തെ നിലയില്‍ ജയലളിത പാര്‍ട്ടി ചിഹ്നമായ ഇരട്ട ഇലയെ സൂചിപ്പിച്ച് രണ്ടു വിരലുകള്‍ ഉയര്‍ത്തി വീശുന്നത് കാണാനായി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം കാത്തു നിന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയലളിത തന്റെ പിന്‍ഗാമിയെ പ്രഖ്യപിച്ചുകൊണ്ട് വില്‍പത്രം എഴുതിയിട്ടില്ലാത്തതിനാല്‍ തന്നെ 24,000 ചതുരശ്ര അടി വരുന്ന ഈ കൂറ്റന്‍ ബംഗ്ലാവ് അടക്കം കോടിക്കണക്കിന് സ്വത്തുക്കള്‍ ഇനിയാര്‍ക്ക് എന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നു. 1967ല്‍ ആണ് ജയലളിതയും അമ്മ സന്ധ്യയും ചേര്‍ന്ന് പോയസ് ഗാര്‍ഡനിലെ വസ്തുവകകള്‍ വാങ്ങുന്നത്. 1.32 ലക്ഷമായിരുന്നു അന്ന് ഇതിന്റെ വില. 90 കോടിയാണ് ഇപ്പോള്‍ ബംഗ്ലാവ് അടക്കമുള്ള ഈ വസ്തുവകകളുടെ ഇന്നത്തെ മതിപ്പുവില.

ചെന്നൈയിലെ ഈ വീട് കൂടാതെ ജയലളിതയ്ക്ക് 80 കോടിയോളം വരുന്ന സ്വത്തുവകകള്‍ വേറെയും ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായി നല്‍കിയ സത്യവാങ്മൂലത്തില്‍ 118.58 കോടിയുടെ സ്വത്ത് തനിക്കുണ്ടെന്നാണ് ജയലളിത വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേസുകളില്‍ പെട്ടിട്ടുള്ള സ്വത്തുക്കളുടെ വില കണക്കില്‍ പെടുത്താതെയാണ് ഇത്. ഹൈദരാബാദില്‍ 14.5 ഏക്കര്‍ കൃഷിനിലവും ജയലളിതയ്ക്കുണ്ട്. കാഞ്ചീപുരത്ത് 3.43 ഏക്കറുമുണ്ട്. 72.09 കോടിയാണ് ഭൂമിയുടെ മൊത്തം വിലയായി ജയലളിത കാണിച്ചിരിക്കുന്നത്. പല കമ്പനികളിലും ഓഹരി നിക്ഷേപങ്ങളുണ്ടെങ്കിലും അവ കേസുകളില്‍ പെട്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലുള്ള എസ്റ്റേറ്റുകളും എക്‌സ്‌പോര്‍ട്ടിങ് കമ്പനികളും അടക്കം കോടികളുടെ സ്വത്തുകള്‍ വരും ഇത്.

Top