എന്താണ് വിപാറ്റ്?തെരെഞ്ഞെടുപ്പുകളില്‍ വീണ്ടും കടലാസ് എത്തുന്നു; വിവിപാറ്റിന് തെരെഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം

ന്യൂഡല്‍ഹി: ബാലറ്റ് വോട്ട് എടുപ്പ് ഇനി തിരിച്ചു വരില്ലാന്ന് ഉറപ്പിക്കാം .എന്നാൽ   വോട്ടെടുപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ വോട്ട് രസീത് തിരിച്ചെത്തുന്നു. എല്ലാ ലോക്‌സഭ നിയമസഭ തെരെഞ്ഞെടുപ്പുകളിലും വോട്ട് രസീത്(വിവിപാറ്റ്) ഉപയോഗിക്കുമെന്ന് തെരെഞ്ഞെടുപ്പു കമ്മിഷന്‍ ഔദ്യോഗികമായി വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും കത്തയച്ചു.

സുതാര്യത ഉറപ്പുവരുത്താന്‍ പേപ്പര്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 16 രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ കമ്മിഷന് നിവേദനം നല്‍കിയിരുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും ബിഎസ്പിയും എഎപിയും കമ്മിഷനെതിരെ പരസ്യമായിത്തന്നെ രംഗത്തു വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ചു തര്‍ക്കം മുറുകിയതോടെ ഇതിനെ പ്രതിരോധിച്ച് കമ്മിഷനും രംഗത്തെത്തി. യന്ത്രത്തില്‍ കൃത്രിമം കാണിക്കാനാകുമെന്ന് തെളിയിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും കമ്മിഷന്‍ വെല്ലുവിളിച്ചു. എന്നാല്‍ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

എന്താണ് വിപിപാറ്റ്?

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നറിയപ്പെടുന്ന വിവിപാറ്റ്. ഒരു വോട്ടര്‍ വോട്ടു ചെയ്യുമ്പോള്‍ വിവിപാറ്റിലും അത് ഒരു കടലാസു സ്ലിപ്പില്‍ അച്ചടിച്ചു വരും. വോട്ടര്‍ക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കന്‍ഡ് നല്‍കും.

തുടര്‍ന്ന് ഈ സ്ലിപ്പ് മുറിഞ്ഞു വിപിപാറ്റ് മെഷീനോടു ചേര്‍ന്ന പെട്ടിയിലേക്കു വീഴും. സ്ലിപ് വീട്ടിലേക്കു കൊണ്ടു പോകാനാകില്ലെന്നു ചുരുക്കം. സ്ലിപ് വീഴുന്ന പെട്ടി തുറക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ കഴിയൂ. വോട്ടെടുപ്പു സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണാനും കഴിയും.

വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വിവിപാറ്റ് ഉപയോഗിക്കുമെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമൊത്തുള്ള യോഗത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണു വരുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താന്‍ 2015ല്‍ 67,000 വിവിപാറ്റ് യന്ത്രങ്ങള്‍ കമ്മിഷന്‍ വാങ്ങിയിരുന്നു. ഇതില്‍ 33,500 എണ്ണം വിതരണം ചെയ്തു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകള്‍ക്കായി 30,000 പുതിയ വിവിപാറ്റ് യന്ത്രങ്ങളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായിരിക്കും കമ്മിഷനു മുന്നിലുള്ള അടുത്ത വലിയ വെല്ലുവിളി. 16.15 ലക്ഷം വിവിപാറ്റ് യന്ത്രങ്ങളാണ് എല്ലാ പോളിങ് സ്റ്റേഷനുകള്‍ക്കും വേണ്ടി ഒരുക്കേണ്ടി വരിക.

Top