ആയിരം രൂപ നല്‍കി ജോമാന്‍ പുത്തന്‍പുരയ്ക്കല്‍ ഒഴിവാക്കി; പത്രസമ്മേളനം നടത്തിയ രാഷ്ട്രീയക്കാരും മുങ്ങി; ജിഷയുടെ പിതാവ് പാപ്പുവിന് പറയാനുള്ളത്

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പിപി തങ്കച്ചനെതിരെ ആരോപണമുന്നയിച്ചാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഈ കേസില്‍ ഇടപെടുന്നത്. വെളിപ്പെടുത്തല്‍ വിവാദമായതോടെ ജിഷയുടെ പിതാവ് ജോമോനെതിരെ പരാതിയുമായി രംഗത്തെത്തി. എന്നാല്‍ പിന്നീട് സംഭവിച്ചത് ജിഷയുടെ പിതാവ് പാപ്പുവിനെ ജോമോന്‍ കൂടെ കൂട്ടുന്നതാണ് .പാപ്പുവിനെ കൊണ്ട് തനിക്കെതിരായ പരാതി ജോമോന്‍ പിന്‍വലിപ്പിച്ചു. മാസങ്ങളോളം ജോമോന്റെ സംരക്ഷണയില്‍ പാപ്പു ജീവിച്ചു മാസങ്ങള്‍ക്ക് മുമ്പ് ആയിരം രൂപയും കൊടുത്ത് പാപ്പുവിനെ ജോമോന്‍ നാട്ടിലേയ്ക്ക് പറഞ്ഞുവിട്ടു. കൂടെയുണ്ടായിരുന്ന രാഷ്ട്രീയക്കാരും തന്നെ വഞ്ചിച്ചെന്ന് ജിഷയുടെ പിതാവ് വെളിപ്പെടുത്തുന്നു.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആയിരം രൂപ നല്‍കി ഒഴിവാക്കി, പത്രസമ്മേളനം നടത്തിച്ചശേഷം ബിജെപി നേതാവ് പി എന്‍ വേലായുധനും ‘മുങ്ങി’. കേസ്സ് തള്ളിയപ്പോള്‍ ആക്ഷന്‍ കൗണ്‍സിലുകാരും അയഞ്ഞു. ഇനി പ്രതീക്ഷ ഹൈക്കോടതി ഇടപെടലില്‍ മാത്രമെന്ന് പാപ്പു ഇപ്പോള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയിരുന്ന കേസ്സ് കോടതി തള്ളിയപ്പോള്‍, സഹായിക്കാനെന്നപേരില്‍ അടുത്തുകൂടിയവരില്‍ ഒട്ടുമിക്കവരും കൈവിട്ടെന്നാണ് കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ പരാതി. വങ്ങോല സ്വദേശി അഡ്വ.ബേസില്‍ കുര്യക്കോസ് മുഖേന ഇതേ ആവശ്യമുന്നയിച്ച് ഈ മാസം 14-ന് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇക്കാര്യത്തില്‍ ഇനി രാഷ്ട്രീയക്കാരെയും, പലതുംപറഞ്ഞ് അടുത്തുകൂടുന്നവരെയും വിശ്വസിക്കില്ലെന്നും പാപ്പു മാധ്യമങ്ങളോട് വ്യക്തമാക്കുന്നു.

ജിഷയുടെ പാതാവ് പിപി തങ്കച്ചനാണെന്ന തരത്തില്‍ പ്രചാരണം നടത്തിയ ആളെന്ന നിലയ്ക്ക് പലരും പറഞ്ഞാണ് ജോമോനെക്കുറിച്ചറിയുന്നത്. ഈ വിഷയത്തില്‍ ഇയാള്‍ക്കെതിരെ താന്‍ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കുന്നതിനായിരുന്നു ഇയാള്‍ അടുത്തുകൂടിയതെന്നാണ് താന്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്. ഇയാളുടെ നിര്‍ദ്ദേശമനുസരിച്ച് ഇയാള്‍ക്കൊപ്പം എറണാകുളത്തെത്തി ഐ ജിയെക്കണ്ട് താന്‍ ഇതു സംബന്ധിച്ച് നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നെന്നുമാണ് പാപ്പുവിന്റെ വെളിപ്പെടുത്തല്‍.

എറണാകുളം ഗസ്റ്റ് ഹൗസ്സില്‍ രണ്ടുമാസത്തോളം താമസിപ്പിച്ചു, ആശുപത്രിയില്‍ ചികത്സക്കായി പണം മുടക്കിയതും മുഖ്യമന്ത്രി, ഡി ജി പി, ആഭ്യന്തര സെക്രട്ടറി നളിനിനെറ്റോ തുടങ്ങിയവരുടെ അടുത്തു തന്നെ കൊണ്ടുപോയതും ജോമോനാണന്നും ഇതു സംബന്ധിച്ച് താന്‍ മുഖേന വാര്‍ത്തകള്‍ പുറത്തുവരുന്നതിനായി ഇയാള്‍ പത്രക്കാരെ തന്റെ അടുത്തേക്ക് വിളിച്ചുവരുത്തിയെന്നും പാപ്പു ആരോപിച്ചു. അവസാനമായിക്കണ്ടപ്പോള്‍ ആയിരം രൂപ നല്‍കി നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നെന്നും ഇതിനുശേഷം രണ്ടുമാസം പിന്നിട്ടിട്ടും ജോമോന്‍ ഒരു ഫോണ്‍കോള്‍ പോലും ചെയ്തിട്ടില്ല.

സഹായിക്കാമെന്നും പറഞ്ഞ് അടുത്തുകൂടുകയും പത്രസമ്മേളനത്തില്‍ തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്തശേഷം സ്ഥലം വിട്ട ബിജെപി സംസ്ഥാന വൈസ്സ് പ്രസിഡന്റ് പി എന്‍ വേലായുധന്‍ പിന്നെ തന്റെ കണ്‍വെട്ടത്തുവന്നിട്ടേയില്ലെന്നാണ് പാപ്പു ആരോപിക്കുന്നത്. പാപ്പുവിനെ സഹായിക്കാന്‍ പല കോണുകളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനവും ഇപ്പോള്‍ മന്ദഗതിയിലാണ്. ജീവനാംശം സംബന്ധിച്ച് കേസ് സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്ന് പാപ്പു ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇനി എന്തുവേണ്ടു എന്ന ചിന്താഗതിയിലാണ് ഇക്കൂട്ടര്‍.

ഫലത്തില്‍, തനിക്കുവേണ്ടി ശബ്ദിക്കാന്‍ ആരുമില്ലെന്ന അവസ്ഥയാണിപ്പോഴെന്നും കൂടെക്കൂടിയവരെല്ലാം പലതും പറഞ്ഞ് അവരവരുടെ കാര്യസാദ്ധ്യത്തിനായി തന്നെ വിനിയോഗിക്കുകയായിരുന്നെന്നുമാണ് പാപ്പുവിന്റെ പക്ഷം. ചെറുകുന്നത്തെ വീട്ടില്‍ തനിച്ച് താമസിക്കുന്ന പാപ്പു ബന്ധുക്കളില്‍ ചിലരും പരിചയക്കാരും നല്‍കുന്ന ചില്ലറ സാമ്പത്തിക സഹായത്താലാണ് ഇപ്പോള്‍ കഴിയുന്നത്. ജിഷ കേസില്‍ തുടരന്വേഷണംആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പാപ്പു അറിയിച്ചു.

ജിഷ കേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ആരോപിച്ചാണ് പാപ്പു തുടരന്വേഷണം ആവശ്യപ്പെട്ടത്. പാപ്പുവിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ പൊലീസ് നേരത്തെ അന്വേഷിച്ച് വ്യക്തത വരുത്തിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. പ്രതി അമീറിനെതിരെ കുറ്റം ചുമത്തി വിചാരണ നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഈ ഘട്ടത്തില്‍ തുടരന്വേഷണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സെഷന്‍സ് കോടതി അറിയിച്ചു.

തുടരന്വേഷണത്തിന് ഉത്തരവിട്ടാല്‍ കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവരും. പൊലീസ് ആവശ്യപ്പെട്ടാല്‍ മാത്രമെ തുടരന്വേഷണം പരിഗണിക്കാന്‍ കഴിയൂ. മൂന്നാം കക്ഷിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Top