മോസ്‌കോ: കണ്ടാല്‍ ഒരു നിമിഷം ഏതു ധൈര്യവതിയും തകര്‍ന്നു പോകുന്ന മാരക പരിക്കുമായി മനസാന്നിധ്യം വിടാതെ ലോക പ്രശസ്ത റഷ്യന്‍ പാരാഗ്ലൈഡര്‍ ഇവാന്‍ ക്രാസൗസ്‌കി. തന്റെ കയ്യേക്കാള്‍ വലിയ മരക്കമ്പ് തോളിലൂടെ തുളച്ചു കയറി പുറത്തു വന്നിട്ടും ധൈര്യത്തോടെ ചികിത്സകള്‍ക്ക് വിധേയനാകുന്ന ഇവാന് പ്രാര്‍ത്ഥനകളും പ്രോത്സാഹനങ്ങളുമായെത്തുകയാണ് സോഷ്യല്‍ മീഡിയ. കാട്ടിലൂടെ പറക്കുന്നതിനിടെ പാരാഗ്ലൈഡറിന് കേടുപാട് സംഭവിച്ച് താഴേയ്ക്ക് പതിക്കുകയായിരുന്നു.
മിന്‍സ്‌ക്കിനടുത്തു ലോഷാനിയിലെ കാട്ടിലൂടെ പറക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ പാരാഗ്ലൈഡറില്‍നിന്ന് ഇവാന്‍ കുത്തനെ താഴേയ്ക്കു വീണപ്പോള്‍ മരക്കൊമ്പ് തുളച്ചുകയറുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തി കൊമ്പിന്റെ രണ്ടറ്റവും മുറിച്ചു കളഞ്ഞശേഷമാണ് ഇവാനെ ആശുപത്രിയില്‍ എത്തിച്ചത്.
‘പറക്കലിനിടെ പൈന്‍ മരങ്ങളിലിടിച്ച് പതുക്കെ താഴേക്കു വീഴുകയായിരുന്നു. പേടിക്കാനില്ലെന്നു തോന്നി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തോ പിന്നില്‍നിന്നു പിടിച്ചുവലിക്കുന്നു. ഷര്‍ട്ട് കീറിക്കളഞ്ഞു നോക്കിയപ്പോഴാണു വലിയ മരക്കൊമ്പ് തുളച്ചുകയറിയത് ശ്രദ്ധിച്ചത്. തണ്ണിമത്തനോളം തടിയുണ്ടായിരുന്നു അതിന്. അമേരിക്കന്‍ കാര്‍ട്ടൂണ്‍ സൂപ്പര്‍ഹീറോ ഗ്രൂട്ടിനെ പോലെയുണ്ട് ഞാനിപ്പോള്‍’ ഇവാന്‍ പറഞ്ഞു. മരക്കൊമ്പ് പിന്നീട് ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.