കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തൽ .സമാന്തര എക്സ്ചേഞ്ച് കേസ് പ്രതി റസലിന് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെ.ടി. രമേശിന് വേണ്ടി നിരവധി തവണ സ്വർണ്ണം കടത്തിയതായി റാസൽ മൊഴി നൽകി. കസ്റ്റംസ് ഉദ്യോഗസ്ഥർക്കും സ്വർണ്ണക്കടത്ത് സംഘത്തിനുമിടയിലെ ഏജന്റായി പ്രവർത്തിച്ചിരുന്നുവെന്ന് റസൽ വെളിപ്പെടുത്തി. റസലിന്റെ മൊഴിയെടുക്കാൻ കൊച്ചി എൻ.ഐ.എ. യൂണിറ്റ് തെലങ്കാനയിൽ.
അതേസമയം, കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ എൻ.ഐ.എ കോഴിക്കോടതി വിവരങ്ങൾ ശേഖരിച്ചു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായാണ് കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘം തെളിവുകൾ ശേഖരിച്ചത്. സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ റിപ്പോർട് നൽകിയിരുന്നു. പ്രതികളുടെ രാജ്യാന്തര ബന്ധങ്ങൾ സംശയാസ്പദമാണ്. ചൈന, പാകിസ്ഥാൻ, ദുബായ് തുടങ്ങി രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനും ടെലഫോൺ എക്സ്ചേഞ്ചിൻ്റെ പ്രവർത്തനം ഉപയോഗിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇത്തരം ബന്ധങ്ങൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ സംഘം കോഴിക്കോട്ടെത്തിയത്. ക്രൈംബ്രാഞ്ച് എ.സി.പി ടി. ശ്രീജിത്തുമായി എൻ.ഐ.എ സംഘം കൂടിക്കാഴ്ച നടത്തി.
ബംഗളുരു സമാന്തര എക്സ്ചേഞ്ച് കേസിലെ പ്രതികളിൽ നിന്നുൾപ്പെടെ ശേഖരിച്ച തെളിവുകൾ എൻ.ഐ.എക്ക് കൈമാറി.കേസിലെ മുഖ്യപ്രതികളായ കൊളത്തറ സ്വദേശി ഷബീർ, ബേപ്പൂർ സ്വദേശി ഗഫൂർ, പെറ്റമ്മൽ സ്വദേശി കൃഷ്ണപ്രസാദ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. ബെംഗളുരു കേസിൽ അറസ്റ്റിലായ ഇബ്രാഹിമിൽ നിന്നാണ് കേസിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടിയത്.