പാരിസ്: ജയില്‍പ്പുള്ളി ഹെലികോപ്ടര്‍ വഴി രക്ഷപ്പെട്ടു. സംഭവം ഹോളിവുഡ് ആക്ഷന്‍ സിനിമയിലെ രംഗമൊന്നുമല്ല. ഫ്രാന്‍സിലെ ഏറ്റവും കുപ്രസിദ്ധനായ കള്ളന്‍ പാരിസിനടുത്തുള്ള റിയയുവിലെ ജയിലില്‍നിന്ന് ഇന്നലെ രക്ഷപ്പെട്ട കാര്യമാണ് പറഞ്ഞു വന്നത്. റെഡോയിന്‍ ഫയ്ദ് എന്ന 46 വയസ്സുകാരനാണ് ഈ ഹൈടെക് ജയില്‍ ചാട്ടം നടത്തിയത്. വളരെ ആസൂത്രിതമായ പദ്ധതിയിലൂടെയാണ് ഫയ്ദ് ജയില്‍ ചാട്ടം നടത്തിയത്. തോക്കുധാരികളായ മൂന്നുപേര്‍ ഫയ്ദിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആദ്യം ജയില്‍ കവാടത്തിലെത്തി പൊലീസ് കാരുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമായിരുന്നു ഇത്.
ആ സമയം തന്നെ ജയില്‍ വളപ്പിനുള്ളില്‍ ഒരു ഹെലികോപ്റ്റര്‍ പറന്നിറങ്ങുകയും ജയില്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ തോക്കുചൂണ്ടി മുള്‍മുനയില്‍ നിര്‍ത്തി ജയിലിലെ സന്ദര്‍ശകമുറിയിലായിരുന്ന ഫയ്ദിനെ തോക്കുധാരികള്‍ ഹെലികോപ്റ്ററില്‍ കയറ്റി കൊണ്ട് പോവുകയുമായിരുന്നു. ഹെലികോപ്റ്റര്‍ പിന്നീടു പാരിസിലെ മറ്റൊരു ഭാഗത്തു കത്തിയ നിലയില്‍ കണ്ടെത്തി. ഇതിന്റെ പൈലറ്റിനെ ബന്ദിയാക്കിയാണു കൃത്യത്തിന് ഉപയോഗിച്ചത്. ഫയ്ദിന്റെ ജയില്‍ച്ചാട്ടം ഇതു രണ്ടാം തവണയാണ്. ആദ്യത്തേതും ഒട്ടും മോശമായിരുന്നില്ല. 2013ല്‍ നാലു ജയില്‍ വാര്‍ഡര്‍മാരെ ബന്ദികളാക്കി ഡൈനമൈറ്റ് വച്ച് ജയില്‍ തകര്‍ത്തായിരുന്നു രക്ഷപ്പെടല്‍. പക്ഷേ, അന്ന് ഒന്നരമാസത്തിനുശേഷം പിടിയിലായി. 2010ല്‍ മോഷണശ്രമത്തിനിടെ പൊലീസുകാരിയെ വെടിവച്ചു കൊന്ന കേസില്‍ 25 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടയാളാണു ഫയ്ദ്. അതിനും മുന്‍പ് മറ്റു കുറ്റകൃത്യങ്ങളുടെ പേരില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. നല്ലനടപ്പിലാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തി 2009ല്‍ മോചിതനായി.
ഹോളിവുഡ് സിനിമകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു ഫയ്ദ് മോക്ഷണരംഗത്തേക്കിറങ്ങിയത്. പാരിസ് നഗരപ്രാന്തത്തിലെ ഒരു കുടിയേറ്റ മേഖലയിലാണ് വളര്‍ന്നത്. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്ത് പ്രശസ്തനായിട്ടുണ്ട് മാത്രവുമല്ല തന്റെ ചെറുപ്പകാലവും ഗുണ്ടാജീവിതവും വിവരിക്കുന്ന രണ്ടു പുസ്തകങ്ങളും എഴുതിയിട്ടുണ്ട് കക്ഷി.