എം.എല്‍.എമാരുടെ എം പി.മോഹം പൊലിഞ്ഞു…എല്ലാ സിറ്റിങ്‌ എം.പിമാരും വീണ്ടും മത്സരിക്കും,എം.എല്‍.എമാരെ സ്‌ഥാനാര്‍ഥിയാക്കില്ല.കോണ്‍ഗ്രസ്‌ നേതൃയോഗത്തില്‍ ധാരണ

ന്യൂഡല്‍ഹി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റ് മോഹികളായ എം.എൽ.എ മാരുടെ മോഹത്തിന് തിരിച്ചടി.കേരളത്തിലെ സിറ്റിങ്‌ എം.പിമാരെ വീണ്ടും മത്സരത്തിനിറക്കാനും നിയമസഭാംഗങ്ങളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളാക്കേണ്ടെന്നും കോണ്‍ഗ്രസ്‌ തീരുമാനം. സിറ്റിങ്‌ സീറ്റുകളില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിനിധീകരിക്കുന്ന വടകരയിലും എം.ഐ. ഷാനവാസ്‌ അന്തരിച്ച ഒഴിവില്‍ വയനാട്ടിലും മാത്രമാകും പുതിയ സ്‌ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവരിക. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും രാഷ്‌ട്രീയ പ്രാധാന്യമുള്ള കര്‍ണാടകയുടെ ചുമതലക്കാരനുമെന്ന നിലയില്‍ കെ.സി. വേണുഗോപാല്‍ മാറിനില്‍ക്കുന്നപക്ഷം സിറ്റിങ്‌ സീറ്റായ ആലപ്പുഴയിലും ഒഴിവുവരും.നേരത്തെ അടൂർ പ്രകാശിനെയും ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും മത്സരിപ്പിക്കാൻ നീക്കം ഉണ്ടായിരുന്നു .അതുപോലെ തന്നെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കോട്ടയത്തോ ഇടുക്കിയിലെ മത്സരിപ്പിക്കാനുള്ള നീക്കവും ഉണ്ടായിരുന്നു .ഇതിനെല്ലാമാണിപ്പോൾ പരിഹാരം ഉണ്ടായിരിക്കുന്നത് .

പി.സി.സി. അധ്യക്ഷന്മാര്‍ മത്സരിക്കേണ്ടന്ന പൊതുധാരണയാണു വടകരയില്‍ മറ്റൊരാളെ നിശ്‌ചയിക്കേണ്ട സാഹചര്യമുണ്ടാക്കിയത്‌. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നു മുല്ലപ്പള്ളി നേരത്തേ അറിയിച്ചിരുന്നു. വിജയസാധ്യത മുല്ലപ്പള്ളിക്കു മാത്രമാണെന്ന വിലയിരുത്തലുണ്ടായാല്‍ മാത്രമേ വീണ്ടും നറുക്കുവീഴൂ.സിറ്റിങ്‌ എം.എല്‍.എമാര്‍ മത്സരിക്കേണ്ടന്ന തീരുമാനം ലോക്‌സഭയിലേക്കു പോകാന്‍ താല്‍പ്പര്യമില്ലാത്ത ഉമ്മന്‍ ചാണ്ടിക്ക്‌ അനുകൂലമായി. ഉമ്മന്‍ ചാണ്ടിയെ കേരളത്തില്‍നിന്നു മാറ്റാന്‍ താല്‍പ്പര്യമുള്ളവര്‍ സംസ്‌ഥാനത്തെ കോണ്‍ഗ്രസിലുണ്ട്‌. ആന്ധ്രാ പ്രദേശിന്റെ ചുമതലയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി സ്‌ഥാനം ഏറ്റെടുത്തെങ്കിലും സ്‌ഥിരം ഡല്‍ഹിക്കാരനാകാന്‍ ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നില്ല. സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ നേരിട്ട്‌ ആവശ്യപ്പെട്ടാല്‍ മാത്രമേ അതിനു മാറ്റമുണ്ടാകൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളുടെ പ്രത്യക്ഷമായ എതിര്‍പ്പില്ലാത്ത എല്ലാ സിറ്റിങ്‌ എം.പിമാരും വീണ്ടും മത്സരിക്കട്ടെ എന്നാണു പാര്‍ട്ടിയധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. പി.സി.സി. അധ്യക്ഷന്‍മാരും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. സിറ്റിങ്‌ സീറ്റല്ലാത്ത എല്ലാ മണ്ഡലങ്ങളിലും ഉടന്‍ സ്‌ഥാനാര്‍ഥിയെ കണ്ടെത്താന്‍ രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. പുതിയ സ്‌ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ട ഓരോ മണ്ഡലത്തിലേക്കും മൂന്നു പേരുടെ പട്ടിക നല്‍കാനാണ്‌ നിര്‍ദേശം. വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും യുവനിരയ്‌ക്കും പ്രാധാന്യം നല്‍കണം. ഒരു കുടുംബത്തില്‍നിന്ന്‌ ഒന്നിലേറെപ്പേര്‍ മത്സരിക്കരുത്‌. വിജയസാധ്യതയുണ്ടെങ്കില്‍, രാഹുലിന്റെ അനുവാദത്തോടെ എല്ലാ തീരുമാനത്തിലും മാറ്റങ്ങളാകാം.

Top