തിരുവനന്തപുരം: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിച്ചടക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി അദ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഇടപെടുന്നത് അണികളില്‍ ആര്‍ജവം പകരുന്നുണ്ട്. കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്നതിന് മുമ്പായി രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് കേരളത്തില്‍ പഠനവും നടത്തിയിരുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ സാധ്യതാപട്ടികയില്‍ ഇടം പിടിച്ചവരില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും ഉള്‍പ്പെട്ടിട്ടുള്ളതാായണ് പുറത്തുവരുന്ന സൂചനകള്‍. ഈ മാസം അവസാനത്തോടെ സാധ്യതാ പട്ടിക പുറത്തുവിടും.കേരളത്തിൽ പത്ത് സീറ്റിൽ രാഹുലിന്റെ സ്വന്തം സ്ഥാനാർത്ഥികൾ കടന്നു വരും എന്നും സൂചനയുണ്ട് .
നിലവില്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. കോട്ടയത്തെ അദ്ദേഹത്തിനുള്ള ജനപിന്തുണ മറ്റൊരു പാര്‍ട്ടിക്കും ഒരു സ്ഥാനാര്‍ഥിക്കുമില്ല എന്നത് തന്നെയാണ് കാരണം. ആലപ്പുഴയില്‍ നിന്നും കെസി വേണുഗോപാലിനെ മാറ്റി വയനാട്ടില്‍ മത്സരിപ്പിക്കാനാണ് നീക്കങ്ങള്‍. ആലപ്പുഴയില്‍ പ്രളയ സമയത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന പ്രചരണങ്ങള്‍ ശക്തമായ സാഹചര്യത്തെ തുടര്‍ന്നാണ് വേണുഗോപാലിനെ ചുരം കയറ്റി മത്സരിപ്പിക്കാന്‍ പാര്‍ട്ടി നീക്കം.സജീവ് ജോസഫിന്റെ പേരും വേണുഗോപാലിനൊപ്പം വയനാട്ടില്‍ പരിഗണനയിലുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്.
എല്ലായിടത്തും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് ചിന്തിക്കേണ്ടി വന്നെങ്കില്‍ തിരുവനന്തപുരത്തേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ശശി തരൂര്‍ തന്നെയാകും ഇത്തവണയും സ്ഥാനാര്‍ഥി. പ്രളയ സമയത്ത് ഐക്യരാഷ്ട്രസഭയില്‍ വരെ കേരളത്തിന്റെ ബുദ്ധിമുട്ടുകള്‍ എത്തിച്ച, സഹായത്തിനായി യുഎന്‍ ശ്രദ്ധ ക്ഷണിച്ച ശശി തരൂര്‍ ജനമനസ്സില്‍ എന്നും പ്രിയപ്പെട്ട നേതാവ് തന്നെയാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടി വിജയമുറപ്പിച്ച ഒരു മണ്ഡലമാണ് തിരുവനന്തപുരം.
ഇടതുപക്ഷത്തിന്റെ കോട്ടയായ കണ്ണൂരില്‍ എ.പി അബ്ദുള്ള കുട്ടിയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ അബ്ദുള്ളക്കുട്ടിക്ക് ഒപ്പം ഡിസിസി പ്രസിഡന്റ് സതീഷ് പച്ചേനിയുടെ പേരും പട്ടികയിലുണ്ട്. എന്നാല്‍ ഇവരില്‍ ആരെ നിര്‍ത്തണമെന്ന അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളും. എറണാകുളത്ത് എം ലിജുവിന്റെ പേരാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കാസര്‍ഗോഡ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ കെ.പി. കുഞ്ഞിക്കണ്ണന്റെ പേര് തന്നെയാണ് പട്ടികയില്‍.
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ കൊണ്ടാകണം വടകരയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന്റെ പേര് പട്ടികയിലുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ മുഖമാണ് അഭിജിത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനിരുന്ന സീറ്റിലാണ് അഭിജിത് മത്സരിക്കുന്നത്. മുല്ലപ്പള്ളിയും അഭിജിതിനെ പിന്തുണയ്ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ടി സിദ്ദിഖിന്റെ പേരും മുതിര്‍ന്ന നേതാക്കള്‍ ഒപ്പം പറയുന്നത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
തൃശൂരില്‍ പത്മജ വേണുഗോപാലിന്റെ പേരിനൊപ്പം സജീവ് ജോസഫിനെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയനാട്ടില്‍ വേണുഗോപാല്‍ മത്സരിക്കുകയാണെങ്കില്‍ സജീവ് ജോസഫിനെ തൃശ്ശൂര്‍ നിര്‍ത്താനാണ് പാര്‍ട്ടി നീക്കം. ചാലക്കുടിയില്‍ എംഎം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്കാണ് സാധ്യത. വേണുഗോപാലിനെ വയനാട്ടിലേക്ക് മാറ്റി ആലപ്പുഴയില്‍ പിസി വിഷ്ണുനാഥിനെ നിര്‍ത്താനാണ് ശ്രമങ്ങള്‍. കോണ്‍ഗ്രസിന്റെ വിജയമുറപ്പിച്ച മറ്റൊരു സീറ്റായ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് തന്നെയാകും ഇത്തവണയും മത്സരിക്കുക. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് പാലോട് രവിയുടെ പേരിനൊപ്പം ജെഎസ് അഖിലിന്റെയും പേര് ഉയരുന്നുണ്ട്.
ആലപ്പുഴ എം.പിയായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള താത്പര്യം നേതാക്കളെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റേതടക്കമുള്ള പേരുകൾ വടകര മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട് .ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും അനൌദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട് കോണ്‍ഗ്രസ്. വയനാട്ടില്‍ എം.ഐ ഷാനവാസിന്റെ കാര്യത്തില്‍ മുസ്‍ലിം ലീഗിനും, കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ട് .മാത്രമല്ല ഷാനവാസിന്റെ ആരോഗ്യപ്രശ്നവും മല്സരരംഗത്ത് നിന്നും മാറാൻ കാരണമാകും