ആലുവ: കെഎസ്ആര്‍ടിസി ബസില്‍ കയറിയ യുവാവിന് ഡ്രൈവറുടെയും കണ്ടക്ടറുടെയും ക്രൂര മര്‍ദ്ദനം. ചങ്ങനാശ്ശേരിയില്‍ നിന്നും വന്ന ബസില്‍ ആലുവ പറവൂര്‍ കവലയില്‍ നിന്ന് കയറിയ സുള്‍ഫിക്കര്‍ ഫൗസിനും സുഹൃത്തുക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ബസ്സില്‍ സുള്‍ഫിക്കര്‍ അടക്കം മൂന്നുപേര്‍ ഓടിക്കയറിയതിനിടെ ഡ്രൈവര്‍ ഓട്ടോമാറ്റിക്ക് ഡോര്‍ ബട്ടണ്‍ അമര്‍ത്തിയിരുന്നു. തുടര്‍ന്ന് ഡോറിന് ഇടയില്‍പ്പെട്ട സുള്‍ഫിക്കര്‍ ഞെരുങ്ങിയാണ് അകത്തേക്ക് കയറിയത്.
സുള്‍ഫിക്കറിനൊപ്പം ബസില്‍ കയറിയ ആള്‍ കണ്ടക്ടറോട് ഇത് ചോദ്യം ചെയ്ത് സംസാരിച്ചപ്പോള്‍ അസഭ്യ വര്‍ഷമായിരുന്നു മറുപടിയെന്നാണ് പരാതി. തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യുമെന്ന് പറഞ്ഞ കണ്ടക്ടര്‍ ബസില്‍ നില്‍ക്കുകയായിരുന്ന സുള്‍ഫിക്കറിനെ ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ വാഹനം നിര്‍ത്തി ഡ്രൈവറും കണ്ടക്ടറോടൊപ്പം ചേരുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. അത്താണിയില്‍ എത്തിയപ്പോള്‍ ഇവര്‍ സുള്‍ഫിക്കറിനെ ബസില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടുവെന്നും പരാതിയില്‍ പറയുന്നു.
വെളിയത്ത്നാട് സ്വദേശിയും എയര്‍പോര്‍ട്ട് റോഡിലുള്ള ഹോട്ടലില്‍ അക്കൗണ്ടന്റുമായ സുള്‍ഫിക്കര്‍ ഫൗസിന്‍ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോമാറ്റിക്ക് ഡോറിനിടയില്‍പ്പെട്ട സുള്‍ഫിക്കറിന്റെ വലതു കൈയ്ക്ക് ചതവുണ്ട്. മുഖത്തും തലയിലും മറ്റ് ശരീരഭാഗങ്ങളിലും പരിക്കുമുണ്ട്. വിവരമറിഞ്ഞ് എത്തിയ വീട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആലുവ പോലീസ് മൊഴിയെടുത്തു. കേസ് നെടുമ്പാശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.