പത്തനം തിട്ടയില്‍ ലോകോത്തര നിലവാരത്തില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് വരുന്നു.56 കോടിയുടെ വികസനത്തിന് മുന്നിൽ നിന്ന് നയിക്കുന്നത് ടി.വി.രാജേഷ് എം.എല്‍.എ

പത്തനംതിട്ടയിലെ കായിക പ്രേമികള്‍ക്ക് ആഹ്‌ളാദം പകര്‍ന്ന് നിയമസഭാ കായിക യുവജനക്ഷേമ സമിതിയുടെ തീരുമാനം. അമ്പത്താറ് കോടി രൂപയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സ്‌പോര്‍ട്‌സ് കോംപ്ലസ് നിര്‍മ്മിക്കാനാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അമ്പത് കേടിയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആറ് കോടിയും ചേര്‍ത്താണ് അത്യാധുനീക സ്‌പോര്‍ട്‌സ് കേന്ദ്രം നിര്‍മ്മിക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സ്റ്റേഡിയത്തിന് ഏറ്റെടുത്ത സ്ഥലം മറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വകമാറ്റാനുള്ള നീക്കം അനുവദിക്കാന്‍ കഴിയില്ലെന്നും സമിതി വ്യക്തമാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്‍മാന്‍ റ്റി.വി.രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ അംഗങ്ങളായ എം.സ്വരാജ് എംഎല്‍എ, എല്‍ദോ എബ്രഹാം എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി ഈ അഭിപ്രായം ഉന്നയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. 15 ഏക്കറാണ് ജില്ലാ സ്റ്റേഡിയത്തിന് ലഭ്യമായിട്ടുള്ളത്. സ്‌പോര്‍ട്‌സ് ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് ജില്ലാ സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുത്തതെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തിന്റെ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കായിക രംഗത്തോടുള്ള വെല്ലുവിളിയാണെന്ന് കലക്ട്രേറ്റില്‍ ചേര്‍ന്ന സിറ്റിംഗില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.സര്‍ക്കാര്‍ കായിക വികസനത്തിന് മുന്തിയ പരിഗണന നല്‍കുന്ന സാഹചര്യത്തില്‍ കായിക ആവശ്യങ്ങള്‍ക്ക് മാറ്റിവച്ചിട്ടുള്ള സ്ഥലങ്ങളില്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് സമിതിയംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. ഈ കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി. പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലാണ് ജില്ലാ സ്റ്റേഡിയം. നഗരസഭ വിട്ടുനല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള 13 ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് ഇപ്പോള്‍ തയാറാക്കിവരുന്നത്.TVR -PATHANATHITTA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഴുവന്‍ സ്ഥലവും ഉപയോഗപെടുത്തി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതായിരിക്കും ദീര്‍ഘകാല അടിസ്ഥാനത്തില്‍ കായിക വികസനത്തിന് സഹായകമാകുക. വിവിധ ഏജന്‍സികള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സ്റ്റേഡിയത്തിന്റെ സ്ഥലം ഭാഗംവച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്ന പത്തനംതിട്ടയുടെ ചിരകാല സ്വപ്നത്തിന് വിലങ്ങുതടിയാകും. ഇത് ഒഴിവാക്കുന്നതിന് നഗരസഭയും സ്‌പോര്‍ട്‌സ് കൗണ്‍സിലും സര്‍ക്കാരും ഒത്തുചേര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ളവയും ഏകോപിപ്പിച്ച് ഒരു സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയാറാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂത്തിയാക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു

യോഗത്തില്‍ എഡിഎം പി.റ്റി.എബ്രഹാം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, നിയമസഭാ സമിതി ഉദ്യോഗസ്ഥന്‍ ഡി.പ്രസാദ്, കായിക സംഘടനാ ഭാരവാഹികളായ രഞ്ജി ജേക്കബ്, പ്രൊഫ.ഉമ്മന്‍ ജേക്കബ്, പ്രസന്നകുമാര്‍, വിവിധ കായിക സംഘടനാ പ്രതിനിധികള്‍, കായിക പരിശീലകര്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സമിതി അംഗങ്ങള്‍ പത്തനം തിട്ട സ്റ്റേറ്റേഡിയം, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം, വെട്ടിപ്പുറം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ എന്നിവ സന്ദര്‍ശിച്ചു.TVR -PATHANATHITTA2

പത്തനംതിട്ട സ്റ്റേഡിയത്തിലെത്തിയ സമിതി ജില്ലാ സ്റ്റേഡിയത്തിലെ പ്രവര്‍ത്തന ങ്ങള്‍ സംബന്ധിച്ച് നഗരസഭാധ്യക്ഷ രജനി പ്രദീപ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അടൂര്‍ പ്രകാശ് എംഎല്‍എ സമിതി അംഗങ്ങളോട് വിശദീകരിച്ചു. വെട്ടിപ്രം സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെത്തിയ സമിതി വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. ശാസ്ത്രീയ പരിശീലനത്തിന് ഉതകുന്ന രീതിയിലുള്ള വോളിബോള്‍ കോര്‍ട്ടിന്റെ അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നതായി വിദ്യാര്‍ഥികള്‍ സമിതിയെ അറിയിച്ചു. പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ്, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സമിതിയോടൊപ്പമുണ്ടായിരുന്നു.

Top