എം.വി. ജയരാജന്‍ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെന്ന് സൂചന!.ടി.വി രാജേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകും ?

കണ്ണൂര്‍: തിരുവനന്തപുരത്ത് നയതന്ത്ര സ്വര്‍ണക്കടത്ത് കേസിൽ പ്രതിക്കൂട്ടിലായി നിൽക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് .അതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പോയ എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചന .അങ്ങനെ ജയരാജൻ പോയാൽ കണ്ണൂരിലെ അടുത്ത ജില്ലാ സെക്രട്ടറി ആരാകുമെന്ന കാര്യത്തിലും ചര്‍ച്ച സജീവമായിരിക്കയാണ് . കല്യാശേരി എം എൽ എ ആയ ടിവിരാജേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറി ആക്കണം എന്ന ആഗ്രഹിക്കുന്നവർ ഒരുപാട് ഉണ്ട് .രണ്ട് തവണ എം എൽ എ ആയ രാജേഷ് ഇനി പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ സജീവമാകാൻ തിരഞ്ഞെടുപ്പ് രംഗത്ത് നിന്നു മാറി നിൽക്കും എന്ന് സൂചനകൾ ഉണ്ട് .അതിനാൽ ഒരുപക്ഷെ രാജേഷിന്റെ പേരിനു സാധ്യത കൂടുതലാണ് .

വ്യക്തിപൂജാ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി വിമര്‍ശനം ഏറ്റ പിന്നാലെയാണ് പി. ജയരാജന്‍ വടകര ലോകസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതും ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതും. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലയിലുണ്ടായിരുന്ന എം.വി. ജയരാജനെ തിരികെവിളിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിക്കുകയായിരുന്നു. എന്നാല്‍ എം.വി. ജയരാജന്‍ പടിയിറങ്ങിയതോടെ പാര്‍ട്ടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പിടി പൂര്‍ണമായും നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥ നിയന്ത്രണത്തിലേക്കു മാറി എന്ന പരാതി പാര്‍ട്ടി അണികളില്‍ തന്നെ ശക്തമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തെ മാറ്റിനിര്‍ത്താന്‍ ജയരാജനു സാധിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പൂര്‍ണപിന്തുണയും എം.വി. ജയരാജനുണ്ടായിരുന്നു.

വിവാദങ്ങളെത്തുടര്‍ന്നു സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പ്രതിഛായയ്ക്കു കോട്ടം തട്ടിയതോടെയാണ് എം.വി. ജയരാജന്റെ മടക്കം വീണ്ടും ചര്‍ച്ചയാകുന്നത്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കണ്ണൂര്‍ പാര്‍ട്ടിയില്‍ തുടരുന്ന മൗനവും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രതിരോധത്തിന് ലാവ്‌ലിന്‍ കേസിലുണ്ടായതുപോലെ കണ്ണൂര്‍ നേതാക്കള്‍ ഇതുവരെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടില്ല. ഇ.പി. ജയരാജനേ ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ളൂ. എം.വി. ജയരാജന്‍ തിരിച്ച് തിരുവനന്തപുരത്തേക്കു പോകണമെന്നാണ് കണ്ണൂരിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ ദിവസം ഇതു ചര്‍ച്ച ചെയ്തു. പകരം പി.ശശി, കെ. കെ. രാഗേഷ് എം.പി, ജെയിംസ് മാത്യു എം.എല്‍.എ. എന്നിവരുടെ പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നത്. ഒരു വര്‍ഷംമാത്രം ബാക്കിയുള്ള ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ എം.വി. ജയരാജന് താത്പര്യമില്ലെന്നും സൂചനയുണ്ട്. എന്നാല്‍, പാര്‍ട്ടി നിര്‍ദേശമുണ്ടായാല്‍ വഴങ്ങേണ്ടിവരും. അതേസമയം പി.ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയിലേക്കു പരിഗണിക്കണമെന്ന നിര്‍ദേശവും കണ്ണൂര്‍ നേതാക്കള്‍ക്കുണ്ട്.

അതേസമയം രണ്ട് തവണ കാലിശ്ശേരിയിൽ എം എൽ എ ആയി ജനകീയനായ ടി വി രാജേഷിനെ അഴീക്കോട് മത്സരിപ്പിക്കണം എന്നാണു ഒരു വിഭാഗം അണികളുടെ താല്പര്യം .രാജേഷ് അഴീക്കോട് മത്സരിച്ചാൽ കെ എം ഷാജിയിൽ നിന്നും സീറ്റ് പിടിച്ചെടുക്കാൻ ആകുമെന്നും പൊതുവെ വിലയിരുത്തൽ ഉണ്ട് .

Top