പത്തനംതിട്ടയിൽ നൂറുകണക്കിനാളുകൾ ഒറ്റപ്പെട്ടു..സൈന്യം പത്തനംതിട്ടയിലേക്ക്

പത്തനംതിട്ട:കേരളം മഴക്കെടുതിയിൽ .പത്തനംതിട്ടയിൽ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട് .സഹായഹസ്തം ആവശ്യപ്പെട്ടു പലരും വിളിക്കുന്നുണ്ട് . കനത്ത ദുരിതം വിതച്ച പത്തനംതിട്ടയിലേക്ക് സഹായഹസ്തവുമായി സൈന്യമെത്തുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേർ ഒറ്റപ്പെട്ടു കിടക്കുന്ന സാഹചര്യത്തിലാണ് സൈന്യം രംഗത്തിറങ്ങുന്നത്. പ്രളയക്കെടുതിയില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം എത്തുമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹും അറിയിച്ചിട്ടുണ്ട്. നിലവിൽ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. 23 ബോട്ടുകൾകൂടി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും.

തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പൊലീസിന്റെ ആറ് ബോട്ടുകള്‍, തീരസംരക്ഷണ സേനയുടെ രണ്ടു ബോട്ടുകള്‍, നാവികസേനയുടെ രണ്ടു ബോട്ടുകള്‍, കൊല്ലത്തു നിന്നു രണ്ടു ബോട്ടുകള്‍, ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് ബോട്ടുകള്‍, അഗ്നിശമന സേനയുടെ ഒരു ബോട്ട്, എറണാകുളത്തു നിന്നു രണ്ടു ബോട്ട് എന്നിവയാണ് രക്ഷാപ്രവർത്തനത്തിൽ സഹായിക്കുക. ഇതിനു പുറമേ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തുനിന്നും റാന്നിയിലെത്തി. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടുകളുടെ മുകളിൽ കഴിയുന്നവർ വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഇതു കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കും. കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കുടുങ്ങിക്കിടക്കുന്നവരുടെ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.ranni-flood

പത്തനംതിട്ട വെള്ളത്തിൽ

അസാധാരണ പ്രളയത്തിൽ മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിലായതോടെ നൂറുകണക്കിനുപേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയത്. റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്നവരിൽ മിക്കവരും ഭക്ഷണം കിട്ടാതെ അവശരാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന അഗ്നിശമന സേനാ, പോലീസ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല.

തിരുവല്ല ഫയർഫോഴ്സ് ഓഫിസിൽ മാത്രം രാവിലെ പതിനൊന്നിനും വൈകിട്ട് എട്ടിനുമിടയിൽ ഫോണിലൂടെ മാത്രം സഹായം തേടി ആയിരത്തിലധികം വിളികൾ വന്നതായി അധികൃതർ അറിയിച്ചു. പത്തനംതിട്ടയിൽ സർവസജ്ജമായ കൺട്രോൾ റൂം തുറന്നു കഴിഞ്ഞതായി മന്ത്രി മാത്യു ടി. തോമസ് അറിയിച്ചിട്ടുണ്ട്. വ്യാഴം രാവിലെ മുതൽ പത്തനംതിട്ടയിലെ കൺട്രോൾ റൂം രക്ഷാപ്രവർത്തനങ്ങളുടെ ചുക്കാൻ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. വിദേശത്തും കേരളത്തിനു പുറത്തുമുള്ളവരുടെ ബന്ധുക്കളും മക്കളും പ്രായമായവരുടെ രക്ഷയ്ക്കായി നിരന്തരം വിളിക്കുകയാണ്.

ആളുകൾ കുടുങ്ങിക്കിടക്കുന്ന മേഖലകൾ

ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യൻകോയിക്കൽ, കുളമാക്കുഴി എന്നിവിടങ്ങളിൽ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കിൽ നിന്ന് കിടങ്ങന്നൂർക്കു പോകുന്ന വഴിയിൽ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയിൽ രണ്ടു കുംടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങൾ വീടുകളിൽ അകപ്പെട്ട് കിടക്കുന്നു.

കോയിപ്രം പഞ്ചായത്തിലെ കരിയിലമുക്ക്, പുല്ലാട് പോലീസ് സ്റ്റേഷൻ ഭാഗം, വരയന്നൂർ, ചാത്തൻപാറ, ഉള്ളൂർക്കാവ് എന്നിവിടങ്ങളിൽ 35 കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. മാരാമൺ ലത്തീൻ കത്തോലിക്കാ പള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ കുറച്ചു പേരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. കവിയൂർ സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗവും. ആറന്മുള, ചെറുകോൽ ഭാഗങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ വീടിന്റെ ഒന്നാമത്തെ നിലയിൽ കുടുങ്ങിയിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരി പഞ്ചായത്ത്‌ ഓഫിസിനു പിന്നിൽ അഞ്ചു വീടുകളുടെ മുകളിൽ മുപ്പതിലധികം പേർ കുടുങ്ങി. ഒന്നാം നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിന് ആരുമില്ല.

മലപ്പുഴശ്ശേരി പഞ്ചായത്തിലെ മുല്ലശ്ശേരി ചിറയിൽ അഞ്ചു കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. കോഴിപ്പാലത്തെ ഹോസ്റ്റലിലും കുട്ടികൾ അകപ്പെട്ടിട്ടുണ്ട്. ചെറുകോൽ ഭാഗത്ത്‌ വള്ളം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെങ്കിലും ഒന്നാം നിലയിൽ കുടുങ്ങിയവരെ വള്ളം വഴി രക്ഷിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇവിടെ സൈന്യത്തിന്റെ സഹായം തേടും.

Top