ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളുമേറെ അതിഥി തൊഴിലാളികളികള്‍ക്ക് പരിഗണന ലഭിച്ച ഇടമാണ് കേരളം. സംസ്ഥാനത്തൊട്ടാകെ അതിഥി തൊഴിലാളികള്‍ക്കായി 4500 ക്യാമ്പുകളാണ് ലോക്ഡൗണ്‍ കാലത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ ഇവര്‍ക്കാവശ്യമായ ഭക്ഷണവും വൈദ്യ പരിശോധനയും ഇവിടങ്ങളില്‍ നടക്കുന്നുണ്ട്. ഇത്രയേറെ സജ്ജീകരണങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് പായിപ്പാട് ഇത്രയധികം അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയത് എന്നത് പരിശോധിക്കുമ്പോള്‍ കൃത്യമായി കാണാന്‍ സാധിക്കുന്നത് കഴിഞ്ഞ രണ്ട് ദിവസങ്ങളായ ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്ന കുപ്രചാരണങ്ങളാണ്. അതെല്ലാം കേരളത്തിലും അതിഥി തൊഴിലാളികള്‍ സുരക്ഷിതരല്ലെന്ന ബോധം അവരില്‍ വളര്‍ത്തുന്ന രീതിയിലായിരുന്നു.