ആണ്ടു കുമ്പസാരത്തിന് നിയമസഭയ്ക്ക് അവധി നല്‍കണമെന്ന് പി.സി ജോര്‍ജ്; അച്ചന്റെ അവസ്ഥ എന്താകുമെന്ന് എംഎല്‍എമാര്‍

തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് തന്നെ അവധി നല്‍കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജിന്റെ പ്രസ്താവന ചര്‍ച്ചയ്ക്കെടുത്ത് സഭ. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ അവസാനം മറുപടി ഒറ്റവാക്കില്‍ ഒതുക്കി പിസി രക്ഷപെടുകയായിരുന്നു. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ക്കിടെയായിരുന്നു പിസി അവധിവേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ‘നാളെയാണ് ആണ്ടു കുമ്പസാരം.. അതുകഴിഞ്ഞ് കുമ്പസാരിക്കാന്‍ പറ്റില്ല. അപ്പോ നാളെ നിയമസഭ വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഞാന്‍ ആണ്ടു കുമ്പസാരം എങ്ങനെ നടത്തും. അപ്പോ എന്നെ പാപത്തില്‍ പറഞ്ഞു വിടാമോ’ എന്നാണ് പിസി ജോര്‍ജ് സഭയോട് ചോദിച്ചത്. പിസിയുടെ ഈ ആവശ്യത്തില്‍ ആദ്യ മറുപടിയുമായെത്തിയത് മുന്‍ മന്ത്രി അടൂര്‍ പ്രകാശാണ്. ഇത്രയം നാള്‍ ചെയ്ത പാപങ്ങള്‍ എല്ലാം എറ്റു പറയേണ്ടതായി വരും. അത് ഏറ്റ് പറയാനുള്ള അവസരമാണ് അദേഹം ചോദിച്ചതെന്നാണ് അടൂര്‍ പ്രകാശ് സഭയില്‍ പറഞ്ഞത്. സാധാരണ ആളുകള്‍ക്ക് കുമ്പസരിക്കാന്‍ ഒരു ദിവസം മതി.. പക്ഷേ പിസി ജോര്‍ജിന് ഒരു ദിവസം മതിയാകില്ലെന്ന് സഭയിലെ മറ്റൊരുഅംഗം പറഞ്ഞു. കുമ്പസാരം കേള്‍ക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ ചോദിച്ചു. തന്റെ നാട്ടില്‍ വന്ന് കഴിഞ്ഞ ദിവസം ചെയ്ത പാപത്തിന് പിസി ഇന്നലെ തന്നെ കുമ്പസാരിച്ചുവെന്ന് തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു സഭയില്‍ പറഞ്ഞു. എന്നാല്‍ ഈ പരിഹാസങ്ങളെല്ലാം അവസാനം പിസി ശക്തമായി നേരിട്ടു. കൊച്ചുങ്ങളാണ് അതിനാല്‍ ക്ഷമിച്ചുവെന്നും ഒരു മിനിട്ട് മതി തനിക്ക് കുമ്പസാരിക്കാനെന്നും പിസി ജോര്‍ജ് സഭയെ അറിയിച്ചു.

Top