
പൂഞ്ഞാര്‍: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തകര്‍ച്ചയ്ക്ക് കാരണം ചികയുന്ന തിരക്കിലാണ് ബിജെപി നേതാക്കള്‍. മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പലരും കുതിയ പിസി ജോര്‍ജിന്റെ പൂഞ്ഞാറിലടക്കം ബിജെപി പിന്നിലായി. പിസി ജോര്‍ജ് കാലുവാരിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ ഇതിനെതിരായ പുതിയ വെളിപ്പെടുത്തലുമായി പിസി ജോര്‍ജ് തന്നെ രംഗത്തെത്തി.
കൂടെനടന്ന ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ തന്നെ ആന്റോ ആന്റണിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നാണ് പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എപ്പോഴും സുരേന്ദ്രനൊപ്പമുണ്ട്. ഫോണില്‍ സംസാരിക്കുമ്പോള്‍ അയാള്‍ ആവശ്യപ്പെടുന്നത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്നാണ്. അയാളുടെ മകനും മകളും വിദേശത്തുനിന്ന് വരാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ വന്നുകഴിഞ്ഞാല്‍ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാന്‍ പറയുമെന്ന് പറഞ്ഞതായും പി.സി ജോര്‍ജ് പറഞ്ഞു.
ഇത്തരത്തില്‍ സുരേന്ദ്രനൊപ്പമുള്ള 10 നേതാക്കളുടെ ഫോണ്‍വിളിയുടെ ശബ്ദരേഖ കൈവശമുണ്ടെന്നും അത് ഉടന്‍ പുറത്തുവിടുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.