പിഡിപി തീവ്രവാദസംഘടനയെന്ന് എല്‍ഡിഎഫ്; പിന്തുണ എൽ.ഡി.എഫിന് എന്ന് പിഡിപി

പിഡിപി തീവ്രവാദസംഘടനയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവനും മുന്‍മന്ത്രി കെ.പി രാജേന്ദ്രനും നിലപാട് വ്യക്തമാക്കിയത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പിഡിപിയുടെ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തിനുളള മറുപടിയായിട്ടാണ് ഇരുവരുടെയും പ്രതികരണം. പിഡിപിയെയും എസ്ഡിപിഐയെയും ഒരുപോലെയാണ് കാണുന്നത്.വോട്ട് ചെയ്യുന്നത് പാര്‍ട്ടികളല്ല അവര്‍ക്ക് പിന്നില്‍ അണിനിരക്കുന്ന ജനങ്ങളാണ്. പിന്തുണ തേടി പിഡിപിയെ സമീപിച്ചിട്ടില്ല. അവരുടെ വോട്ട് ലഭിക്കുക യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായിരിക്കും. ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മുസ്ലിംലീഗ് ഒരുക്കിയ തന്ത്രമാണ് പിഡിപിയുടെ പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ ദേശീയതലത്തിലെ മതേതര കൂട്ടായ്മയില്‍ കേരളത്തിലെ യുഡിഎഫിന് ഒന്നും ചെയ്യാനില്ലെന്നും എല്‍ഡിഎഫ് നേതാക്കള്‍ വിശദമാക്കി.

അതേസമയം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി ഫൈസലിനെ പിന്തുണക്കാന്‍ തീരുമാനിച്ചത് ഇരുസംഘടനകളുടെയും സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നുവെന്ന് പിഡിപി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി, ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍ എന്നിവര്‍ വ്യക്തമാക്കി.സിപിഐഎം നേതാവായ വിജയരാഘവന് ഇക്കാര്യത്തിലുളള അവ്യക്തത അദ്ദേഹം നേതൃത്വവുമായി സംസാരിച്ച് പരിഹരിക്കട്ടെയെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top