കൊല്ലം: കേരളത്തെ ഞെട്ടിച്ച ഒരു ദുരന്തമായിരുന്നു കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട്. ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തം അധികൃതരുടെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയാണെന്ന് പറയുമ്പോഴും ദുരൂഹതകള്‍ നീങ്ങുന്നില്ല. അധികൃതരെ പറ്റിച്ച് വെടിക്കെട്ടിന് അനുമതി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട് വന്നത്. മുന്‍ എംപിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ എന്‍ പീതാംബരക്കുറുപ്പ് കമ്പക്കെട്ടിന് അനുമതി ലഭ്യമാക്കാന്‍ ഇടപെട്ടെന്നാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ മൊഴി നല്‍കിയത്.
മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ സംഘത്തിന് മുന്നില്‍ പീതാംബരക്കുറുപ്പ് ഹാജരാകണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ സംഘം പീതാംബരക്കുറുപ്പിന് നോട്ടീസ് അയച്ചു. പുറ്റിങ്ങല്‍ ദുരന്തത്തില്‍ കേന്ദ്ര അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് കഴിഞ്ഞ മാസം 30 നാണ് ആരംഭിച്ചത്. കേസില്‍ പ്രതികളായ പന്ത്രണ്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഉള്‍പ്പെടെ മൊഴി കേന്ദ്രസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
വെടിക്കെട്ട് ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ സ്ഥലത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് സംഭവത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീടാണ് ഇത് മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പാണെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആരോപണം നിഷേധിച്ച് രംഗത്തുവന്നിരുന്നു.
ഏപ്രില്‍ പത്തിന് പുലര്‍ച്ചെ നടന്ന രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ 114 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരും ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കരാറുകാരനായിരുന്ന കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ പിള്ള ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. കേസില്‍ ക്ഷേത്രകമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ക്ഷേത്രകമ്മിറ്റി അംഗങ്ങളുടെ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.