തൃശൂര്‍: കൊല്ലം പരവൂര്‍ ക്ഷേത്രത്തിലെ ദുരന്തത്തിനുശേഷം വെടിക്കെട്ടിന് നിയന്ത്രണം വേണമെന്നാവശ്യം ശക്തമായിട്ടും തൃശൂര്‍ പൂരമൊക്കെ തകൃതിയായി നടന്നു. ഇതിനിടയില്‍ തൃശൂര്‍ പാവറട്ടി സെന്റ് ജോസഫ് പള്ളിയില്‍ നടന്ന വെടിക്കെട്ട് മാതൃകയായിരിക്കുകയാണ്. ഇവിടെ കരിമരുന്ന് പ്രയോഗമല്ല നടന്നത്. എല്ലാം ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ പരീക്ഷണമായിരുന്നു.
ശബ്ദത്തിനും വര്‍ണ്ണത്തിനും ഒട്ടും തിളക്കം കുറയാത്തൊരു വെടിക്കെട്ട്. ഇലക്ട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എട്ടാം തിരുനാളില്‍ വെടിക്കെട്ട് നടത്തിയത്. അങ്ങനെ ഉത്സവം ഗംഭീരമായി. അപകട സാധ്യത കുറയ്ക്കുന്ന ഇത്തരം ഇലക്ട്രോണിക് വിദ്യ ഇനി എല്ലാവര്‍ക്കും പരീക്ഷിക്കാവുന്നതാണ്. വിദേശരാജ്യങ്ങളിലും മറ്റും ഉപയോഗിച്ചു വരുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വെടിക്കെട്ട് കാഴ്ചക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. തൃശൂര്‍ അത്താണി സ്വദേശി ഫ്രാന്‍സിസാണ് വെടിക്കെട്ട് ഒരുക്കിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വെടിക്കെട്ട് സംഘടിപ്പിക്കുന്നത്. പരവൂര്‍ ദുരന്തപശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വെടിക്കെട്ട് അവതരിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. കമ്മിറ്റിയുടെ ഒന്നടങ്കമുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഡിജിറ്റല്‍ വെടിക്കെട്ട് സാധ്യമായതെന്നും സംഘാടകര്‍ പറഞ്ഞു. ഇതിന് വേണ്ടി പ്രത്യേക ഫണ്ട് രൂപീകരിച്ചുവെന്നും സംഘാടരുടെ പ്രതിനിധി വ്യക്തമാക്കി.