തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടുത്തം; 20ലക്ഷം രൂപയുടെ നഷ്ടം; ആളപായമില്ല

thiruppathi

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പ്രശസ്ത ക്ഷേത്രമായ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടുത്തം. പ്രസാദമായ ലഡു ഉണ്ടാക്കുന്ന അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നുപിടിച്ചത്. ഇരുപത് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിവരം. ആളുകളും ഭക്തരും ഓടി രക്ഷപ്പെട്ടതു കൊണ്ട് ആളപായമില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ഈ സമയം നിരവധി ആളുകള്‍ ദര്‍ശനം കാത്ത് നിരയിലുണ്ടായിരുന്നു. അടുക്കളയിലെ ജീവനക്കാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. ശ്രീകോവിലിന്റെ വടക്കുഭാഗത്താണ് അടുക്കള സ്ഥിതിചെയ്യുന്നത്.

ഇരുപത് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിവരമെന്ന് തിരുമല തിരുപ്പതി ദേവസ്വം അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ലഡു നിര്‍മ്മാണം താത്ക്കാലികമായി നിര്‍ത്തിവച്ചു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടുക്കള നവീകരിക്കുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ സാംബശിവ റാവു അറിയിച്ചു.

Top