
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയക്കായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി.
യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടലിന് കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
നിമിഷ പ്രിയയുടെ വധ ശിക്ഷ ഒഴിവാക്കുന്നതിന് യമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ പറയുന്നു. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ ഹരജി കഴിഞ്ഞ ദിവസം യമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെങ്കിലും അതില്‍ വലിയ പ്രതീക്ഷ വേണ്ടെന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.