തിരുവനന്തപുരം: ഹെല്‍മറ്റ് കേരളത്തില്‍ എത്ര നിര്‍ബന്ധമാക്കിയാലും മലയാളികള്‍ക്ക് ധരിക്കാന്‍ ബുദ്ധിമുട്ടാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇപ്പോഴും ഹെല്‍മറ്റില്ലാതെയാണ് പോകുന്നത്. എന്നാല്‍, ഇനി നിങ്ങള്‍ക്ക് പണികിട്ടുമെന്നുറപ്പാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവര്‍ പെട്രോള്‍ അടിക്കാന്‍ കുറച്ച് കഷ്ടപ്പെടും.
ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പരിപാടിയുടെ ഉദ്ഘാടനം കാക്കനാട് ബിപിസിഎല്‍ പമ്പില്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ഹെല്‍മറ്റ് ധരിച്ച് പെട്രോള്‍ അടിക്കാന്‍ എത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനവുമുണ്ട്. ആദ്യഘട്ടത്തില്‍ ബോധവത്ക്കരണമാണ് ലക്ഷ്യമെന്നതിനാല്‍ ഹെല്‍മറ്റ് ഇല്ലെങ്കിലും തല്‍ക്കാലം ഇന്ധനം കിട്ടും.
ആദ്യതവണ പമ്പിലെ ജീവനക്കാരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇവരെ ഉപദേശിച്ചുവിടും. പിന്നെയും ഹെല്‍മറ്റില്ലാതെ ഇന്ധനം നിറയ്ക്കാന്‍ എത്തിയാല്‍ കിട്ടില്ല. എന്നിട്ടും ഹെല്‍മറ്റ് വാങ്ങാന്‍ തയ്യാറായില്ലെങ്കില്‍ മോട്ടോര്‍വാഹന നിയമപ്രകാരം പിഴ ഈടാക്കും. 100,500,1500 രൂപവീതം പിഴ ഈടാക്കാന്‍ വകുപ്പുണ്ടെന്നാണ് പറയുന്നത്.