പിഎഫ് ഇനി ഓണ്‍ലൈന്‍ വഴി; പേപ്പര്‍ അപേക്ഷകള്‍ ചരിത്രമായി മാറുന്നു

ന്യൂഡല്‍ഹി: പി.എഫിലെ നിക്ഷേപം പിന്‍വലിക്കാനുള്ള കടലാസ് ജോലികള്‍ വൈകാതെ ചരിത്രത്തിലേക്ക് പിന്‍വാങ്ങിയേക്കും. ആധാര്‍ കാര്‍ഡ് പി.എഫ് ഉള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഓണ്‍ലൈന്‍ വഴി പി.എഫ് നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യം അടുത്ത മാര്‍ച്ച് അവസാനത്തോടെ നടപ്പാക്കാനായേക്കുമെന്നാണ് എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) പ്രതീക്ഷ.
അപേക്ഷ കിട്ടിയാല്‍ മൂന്നു മണിക്കൂറിനകം തീരുമാനമെടുക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഇ.പി.എഫ്.ഒ പരിഗണിക്കുന്നത്. ഇത് നടപ്പായാല്‍ അംഗങ്ങള്‍ക്ക് ഓണ്‍ലൈനില്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാനാവും. പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കും. ഇതിന് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമീഷണര്‍ കെ.കെ ജലാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ പദ്ധതി നടപ്പാകുന്നതിനുമുമ്പുതന്നെ, തുക പിന്‍വലിക്കാനുള്ള അപേക്ഷകളില്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നവരുടെ സ്ഥിരീകരണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള രീതിയില്‍ത്തന്നെ അപേക്ഷ നല്‍കുന്നത് തുടരുമെങ്കിലും ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ അപേക്ഷ തീര്‍പ്പാക്കും. നിലവില്‍ 20 ദിവസംവരെയാണ് ഇതിനെടുക്കുന്നത്. ഓണ്‍ലൈന്‍ പിന്‍വലിക്കല്‍ പദ്ധതി നടപ്പാകണമെങ്കില്‍ പക്ഷേ 40 ശതമാനമെങ്കിലും സവിശേഷ അക്കൗണ്ട് നമ്പറുകള്‍ ആധാര്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധപ്പെടുത്തേണ്ടതുണ്ട്. 5.6 കോടി സവിശേഷ അക്കൗണ്ട് നമ്പറുകളാണ് (യു.എ.എന്‍) ഇ.പി.എഫ്.ഒ ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 92.88 ലക്ഷം അംഗങ്ങള്‍ മാത്രമേ ആധാര്‍ നമ്പര്‍ നല്‍കിയിട്ടുള്ളൂ.

Top