തിരുവനന്തപുരം :ഒരു സ്ത്രീയോടും മോശമായി സംസാരിച്ചിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍ എംഎല്‍എ. മംഗളം ടിവി പുറത്തുവിട്ട സംഭാഷണശകലങ്ങളില്‍ വ്യക്തതയില്ല. ശബ്ദരേഖ അവിശ്വസനീയം എന്ന് താന്‍ പറഞ്ഞത് അതിനെ നിഷേധിക്കല്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിവാദമായ ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേതായിട്ടുളളത്. താന്‍ ഗോവയിലാണെന്നുളള പരാമര്‍ശം ശരിയാണ്. അത് തന്നെ വിളിച്ച പലരോടും പറഞ്ഞിട്ടുണ്ട്.
ആരുടെ ശബ്ദം എന്നത് പരിശോധനയില്‍ തെളിയുമോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. തന്നോട് സംസാരിച്ചത് മാധ്യമപ്രവര്‍ത്തകയാണോ എന്നത് അന്വേഷണത്തില്‍ തെളിയട്ടെ. തന്നോട് സഹായ അഭ്യര്‍ത്ഥനയുമായി വന്ന ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല.
നിരപരാധിത്വം തെളിഞ്ഞാലും അധികാരത്തില്‍ വരുമോ എന്നത് ആലോചിച്ച് മാത്രമെ തീരുമാനമെടുക്കു. ഫോണ്‍ സംഭാഷണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മംഗളം ചാനല്‍ മാര്‍ച്ച് 26 ഞായറാഴ്ച അവരുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. രാവിലെ വാര്‍ത്ത വന്നതിന് പിന്നാലെ മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. ആരോപണം നിഷേധിച്ച ശേഷമാണ് രാജി. രാജി കുറ്റസമ്മതമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റേയും തന്റെ പാര്‍ട്ടിയുടേയും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി പിടിക്കാനാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശിയായ വിധവയോടുളള ടെലിഫോണ്‍ സംഭാഷണമെന്നാണ് ചാനല്‍ വ്യക്തമാക്കിയത്. പിന്നാലെ മുഖ്യമന്ത്രി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.