കൊല്ലം: മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ അവഹേളിച്ച് സംസാരിച്ച കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ അന്വേഷണം. കൊല്ലം റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പുനലൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം എന്‍.എസ്.എസ് കരയോഗത്തിന്‍െറ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് പിള്ള ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ച് സംസാരിച്ചത്.
തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. ഇപ്പോ നായയുടെ കുരകൊണ്ട് അഞ്ച് നേരവും ഉറങ്ങണ്ട. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. എന്നിങ്ങനെയായിരുന്നു ബാലകൃഷ്ണ പിള്ളയുടെ സംസാരം.
ആര്‍. ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശങ്ങള്‍ സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണെന്ന് കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന പ്രസിഡന്‍റ് പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവിയും ജനറല്‍സെക്രട്ടറി മൈലക്കാട് ഷായും പറഞ്ഞു.
യു.ഡി.എഫില്‍നിന്ന് പടിയിറങ്ങിയ പിള്ളക്ക് എല്‍.ഡി.എഫില്‍നിന്ന് ഒരു പരിഗണനയും കിട്ടാതെ വന്നപ്പോള്‍ എന്‍.ഡി.എ കൂടാരത്തില്‍ കയറിപ്പറ്റാന്‍ എളുപ്പപ്പണി നോക്കുകയാണ്. പള്ളിയിലെ ബാങ്കുവിളി നായയുടെ കുര പോലെ എന്നുപറഞ്ഞ ബാലകൃഷ്ണപിള്ള മതന്യൂനപക്ഷങ്ങളോട് പരസ്യമായി മാപ്പുപറഞ്ഞില്ളെങ്കില്‍ അദ്ദേഹത്തിന്‍െറ വസതിയിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇരുവരും പറഞ്ഞു.
കേസെടുക്കണം–കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി
ഇസ്ലാമിലെ ബാങ്കുവിളിയെ നായയുടെ കുരയോട് ഉപമിച്ച് അവഹേളിച്ച ബാലകൃഷ്ണപിള്ളയുടെ നടപടി അപലപനീയമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. പിള്ള പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം വിദ്വേഷപ്രസംഗത്തിന്‍െറ പേരില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് തയാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് ഡോ. എം.എം. ഹനീഫ് മൗലവി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലനിക്കുന്ന സാമുദായിക സൗഹൃദ അന്തരീക്ഷം തകര്‍ക്കാനെ പിള്ളയുടെ പ്രസ്താവന ഉപകരിക്കൂ.
നിയമനടപടി സ്വീകരിക്കണം–ജംഇയ്യതുല്‍ ഉലമ
മസ്ജിദുകളില്‍ നിന്നുയരുന്ന ബാങ്കുവിളിയെ ആക്ഷേപിച്ച മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളുടെ പ്രസംഗത്തില്‍ ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന കമ്മിറ്റി യോഗം പ്രതിഷേധിച്ചു. മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രസംഗം നടത്തിയ പിള്ളക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് കാഞ്ഞാര്‍ ഹുസൈന്‍ മൗലാന, ജനറല്‍ സെക്രട്ടറി അബ്ദുല്‍ഗഫാര്‍ മൗലവി ഇടത്തല, വൈസ് പ്രസിഡന്‍റ് ഇബ്രാഹീം മൗലവി ആലുവ, അബ്ദുശുക്കൂര്‍ മൗലവി അല്‍ഖാസിമി കായങ്കുളം, മൗലവി ഇബ്രാഹീം ആലുവ, മൗലവി മുനീര്‍ അഹമ്മദ് നജ്മി, സൈനുല്‍ ആബിദീന്‍ മൗലവി ഈരാറ്റുപേട്ട തുടങ്ങിയവര്‍ സംസാരിച്ചു.
മാപ്പുപറയണം –കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബാലകൃഷ്ണപിള്ള മാപ്പുപറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ആവശ്യപ്പെട്ടു. മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗക്കാരെ പ്രകോപിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് ബാലകൃഷ്ണപിള്ള നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന പിന്‍വലിക്കാന്‍ ബാലകൃഷ്ണപിള്ള തയാറാകുന്നില്ളെങ്കില്‍ അദ്ദേഹത്തിനെതിരെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് സര്‍ക്കാര്‍ കേസെടുക്കണമെന്നും കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ആവശ്യപ്പെട്ടു.
ജയിലിലടയ്ക്കണം –പി.ഡി.പി
മുസ്ലിം സമുദായത്തിന്‍െറ പ്രാര്‍ഥനക്കുള്ള ബാങ്കുവിളിയെ അവഹേളിച്ച് ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പരാമര്‍ശങ്ങള്‍ സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണെന്ന് പി.ഡി.പി. സംസ്ഥാന കമ്മിറ്റി.
ബാലകൃഷ്ണപിള്ളക്കെതിരെ ഈ വിഷയത്തിന്‍െറ പേരില്‍ എന്‍.എസ്.എസ് നടപടിയെടുക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷായും സുനില്‍ഷായും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പത്തനാപുരത്ത് ബാലകൃഷ്ണ പിള്ള പറഞ്ഞത്…
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിച്ചാലെന്താ. പക്ഷേ, വ്രതത്തോടുകൂടി സ്ത്രീകള്‍ക്ക് പോകാന്‍ കഴിയാത്തതുകൊണ്ടാണ് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നത്. 41 ദിവസം തുടര്‍ച്ചയായി വ്രതമെടുക്കാന്‍ ചില സമയങ്ങളില്‍ കഴിയാത്തതുകൊണ്ടാണ് വ്രതമെടുക്കാതെ ശബരിമലക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് ആചാര്യന്മാര്‍ വിധിച്ചത്. അല്ലാതെ ആരോടും വിരോധമുള്ളതുകൊണ്ടല്ല. ഇതിനൊക്കെ ചില ചിട്ടകളുണ്ട്. ഇത് ഭരണഘടന തീരുമാനിക്കേണ്ട കാര്യമല്ല. നിയമം അറിയാവുന്നതുകൊണ്ട് ഞാന്‍ പറയുകയാ. സ്ത്രീക്കും പുരുഷനും തുല്യതയുള്ളതുകൊണ്ട് അമ്പലത്തില്‍ കയറാമോ..? എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ..? അങ്ങനെയാണെങ്കില്‍ ഞാനിപ്പോള്‍ കമുകുംചേരിയില്‍നിന്നുകൊണ്ട് ചോദിക്കുകയാ, അങ്ങനെയാണെങ്കില്‍ മുസ്ലിം സ്ത്രീകളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ..? എന്താ ആരും ഒന്നും മിണ്ടാത്തത്. അവരെ പേടിയാ കഴുത്തറുക്കും. പള്ളിയില്‍ കയറിക്കൂടെന്ന് മാത്രമല്ലല്ളോ. ഏതെങ്കിലും ഒരു മുസ്ലിം സ്ത്രീയെ കല്യാണം കഴിക്കുമ്പോള്‍ കഴുത്തില്‍ മാലയിട്ട് മിന്നു കെട്ടുമോ. അങ്ങനെയാണെങ്കില്‍ അവരും കെട്ടണ്ടേ മിന്ന്. പതിനഞ്ച് പതിനാറ് കോടി വരുന്ന ഇന്ത്യയിലെ മുസ്ലിംകളുടെ ആരാധനാലയത്തില്‍ കയറാന്‍ എതെങ്കിലും കോടതിക്ക് പറയാമോ. പിന്നെ കോടതി കാണുകേല. ഇവിടെ ഒരുകാര്യവും ഇല്ലാതെ മനുഷ്യന്‍െറ കഴുത്തറുക്കുകയാ. വെടിവച്ചല്ല ഇപ്പോള്‍ കൊല്ലുന്നത്. ഐഎസ് എന്നു പറയുന്നവര്‍ ഇപ്പോ കഴുത്തറുക്കുകയാ. കോഴിയെ കഴുത്തറുക്കുന്നതുപോലെ. വേദം ചൊല്ലി അങ്ങ് അറുക്കുകയാ ആളുകളെ. അവര് പള്ളിയില്‍ കയറാന്‍ പറയാത്തത് എന്താ..? എന്തുകൊണ്ട് പറയുന്നില്ല. സ്ത്രീയും പുരുഷനും ഒന്നാണ്, ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. ഇങ്ങനൊരു വിധിവന്നാല്‍ നാളെ മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ കയറാന്‍ ഞങ്ങള്‍ക്കും അനുവാദമുണ്ട്, അവകാശമുണ്ടെന്ന് പറഞ്ഞ് കേസിനുപോയാല്‍ ഈ ജഡ്ജിമാര്‍ എന്തുചെയ്യും. ജഡ്ജിമാരാണോ തീരുമാനിക്കുന്നത്.
ഹൈന്ദവരുടെ ആചാരങ്ങളില്‍ കടന്നുകയറുകയാ. രാമജന്മ ക്ഷേത്രം. അവിടെ പള്ളിയാണോ, ക്ഷേത്രമാണോ. സുപ്രീംകോടതിയുടെ വിധിയുണ്ട്. നിങ്ങള്‍ കണ്ടിട്ടില്ല. ഞാന്‍ അവിടെ പോയി കണ്ടിട്ടുണ്ട്. ഒരുപാട് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയാ മുസ്ലിംകള്‍. കാശി. എന്‍െറ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു കാശിയില്‍ ഇരിക്കണമെന്ന്. അവിടെ കൊണ്ടു ചെന്നപ്പോഴാണ് മനസ്സിലായത് അമ്മക്ക് അവിടെ ഇരിക്കാന്‍ പറ്റിയ ഇടമല്ളെന്ന്. അവിടെ എന്താണ് സ്ഥിതി. കാശിയില്‍ എന്താണ് സ്ഥിതി. അമ്പലം കൈയേറി പള്ളി പണിതിരിക്കുന്നു. കാശി വിശ്വനാഥന്‍െറ നേര്‍ക്ക് പൂവെറിഞ്ഞാല്‍ പോയി വീഴുക പള്ളിയിലാണ്. അത് ഒഴിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. ബാബരിമസ്ജിദ്. അവിടെ അമ്പലം പണിഞ്ഞോ. 15 കൊല്ലം മുമ്പ് കുറെ പേര്‍ ചുടുകല്ലുമായി പോയല്ളോ എന്നിട്ട് അമ്പലം പണിഞ്ഞോ. ഇപ്പോഴത്തെ പ്രധാനമന്ത്രി പറഞ്ഞു അവിടെ അമ്പലം പണിയുമെന്ന്. പറഞ്ഞിട്ട് വര്‍ഷം രണ്ടായി പണിഞ്ഞോ. നടക്കുകേല.
നമ്മുടെ പിള്ളേരെ പ്രത്യേകം ശ്രദ്ധിക്കണം. ഞാന്‍ പറഞ്ഞതിന്‍െറ അര്‍ഥം മനസ്സിലായല്ളോ. നമ്മുടെ മുറ്റത്തുകൂടെ സുന്നത്ത് കഴിഞ്ഞ് പയ്യന്‍ ഓടിനടക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് ഇടയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് കുരവയിടാന്‍ അറിയാവുന്ന എത്ര പെണ്‍പിള്ളേരുണ്ട്. കുരവയിടാന്‍ ലോകത്ത് അവകാശമുള്ള ഒറ്റ സമുദായമേ ഉള്ളൂ. അത് നായരാണ്. തിരുവനന്തപുരത്തായാലും കുരവക്ക് പകരം കേള്‍ക്കുന്നത് പട്ടിയുടെ കുരയാ. ഞാന്‍ തിരുവനന്തപുരത്ത് പോയാല്‍ താമസിക്കുന്നത് പാര്‍ട്ടി ഓഫിസിലാ. അവിടെ മുസ്ലിംകള്‍ ഇല്ല. ആ എരിയയില്‍ നായന്മാര് മാത്രമാണ്. ഇപ്പോള്‍ കുറെ ആളുകള്‍ വന്നുകൂടിയിട്ടുണ്ട്. പട്ടികജാതിക്കാര് മാത്രമാ. പക്ഷേ ഇപ്പോള്‍ പട്ടിയുടെ കുരപോലെ തന്നെയാണ് അഞ്ച് നേരവും ഉറങ്ങണ്ടാ…അടുത്തൊരു പള്ളി കൊണ്ട് വച്ച് അങ്ങ് ബാങ്ക് വിളിയാ. ഈ ബാങ്ക് വിളിക്കുമ്പോള്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് അവര് നിര്‍ത്തിയും കൊടുക്കണം. എന്നാല്‍, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ബാങ്ക് വിളിക്കുകയും ചെയ്യും. പത്ത് മുസ്ലിംകള്‍ ഒരിടത്ത് എത്തിയാല്‍ അവിടെ ഒരു തൈക്കാവ് പണിയും.
ആദ്യം വാങ്ങുന്നത് ഒരു മൈക്കാ. സന്ധ്യക്ക് മൂധേവിയും ലക്ഷ്മിയും വീട് സന്ദര്‍ശിക്കും. അതിനുവേണ്ടിയാണ് നെരിപ്പോട് പുകക്കുന്നത്. നായന്മാര് പിന്നെ സന്ദര്‍ശിക്കില്ല. അച്ഛന്മാര് വീട് സന്ദര്‍ശിക്കും, ക്രൈസ്തവരുടെ. മുസ്ലിംകളും കേറും. മുസ്ലിംകളും ക്രൈസ്തവരും വീടുകളില്‍ കയറും. എന്നാല്‍, ദീപാവലിക്ക് പടക്കം പൊട്ടിച്ചാല്‍ കേസാകും. വാളകത്ത് ഒരു പള്ളിയുണ്ടെങ്കില്‍ തിരുവനന്തപുരത്ത് പള്ളിയെത്ര. വാളകത്ത് ഒരു ക്രൈസ്തവ ദേവാലയം ഉണ്ടായ സ്ഥലത്ത് ഇപ്പോള്‍ നൂറുകണക്കിന് പള്ളിയാ. ചെങ്ങന്നൂരും തിരുവല്ലയില്‍നിന്നും കൊട്ടാരക്കരയില്‍നിന്നും പത്തനാപുരത്തുനിന്നും ഒരാള്‍ ചെന്നാല്‍ ആദ്യം അവര്‍ പള്ളിയുണ്ടാക്കും.