തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കെ.വി. വിജയദാസിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും റൂള്‍സ് ഓഫ് ബിസിനസ്സും അടിസ്ഥാനമാക്കിയാണ് സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് പുറപ്പെടുവിക്കുന്ന വിവിധ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണവും സമഗ്രവും വസ്തുതാപരവും ആകേണ്ടതുണ്ട്. വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ച് തീരുമാനമെടുക്കുന്നതിന് ആഴത്തിലുള്ള പരിശോധനകള്‍ ആവശ്യമാണ്. മന്ത്രിസഭാ തലത്തിലും ഗവര്‍ണ്ണറുടെ അനുമതി ആവശ്യമുണ്ടെങ്കില്‍ അവ തേടിയശേഷവുമാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവുകളുടെ ഘടന, ചട്ടങ്ങളുടെ രൂപീകരണം, നിയമനിര്‍മ്മാണം, ധനവിനിയോഗം എന്നിവയെല്ലാം സംബന്ധിച്ച് നിയതമായ വ്യവസ്ഥകള്‍ ഉണ്ട്. ഇവ പരിശോധിച്ച്, തെറ്റുകൂടാതെയും ക്രമപ്രകാരവും പുറപ്പെടുവിക്കുക എന്നത് ഭരണ നിര്‍വ്വഹണത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലില്‍ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥ പരിശോധന വ്യവസ്ഥ ചെയ്തിട്ടുള്ളത്. സാധ്യമായ എല്ലാ സെക്ഷനുകളിലെയും ഉദ്യോഗസ്ഥശ്രേണി ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാലും ചില ന്യൂനതകള്‍ നിലനില്‍ക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ ഇഓഫീസ് സംവിധാനം ഏറെക്കുറെ പൂര്‍ണ്ണമായിക്കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അവധിയും അഭാവം കാരണം ഫയല്‍ നീക്കം തടസ്സപ്പെടാതിരിക്കാന്‍ ലിങ്ക് ഓഫീസര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭരണാനുമതി സംബന്ധിച്ച സാമ്പത്തിക അധികാരങ്ങള്‍ കാലാനുസൃതമായി ഉയര്‍ത്തി നിശ്ചയിക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. ധനകാര്യവകുപ്പിന്റെ അനുമതി കൂടാതെ തന്നെ വകുപ്പ് മേധാവികള്‍ക്ക് നിശ്ചിത സാമ്പത്തിക പരിധിയിലുള്ള തുക വിനിയോഗിക്കുന്നതിന് അധികാരമുണ്ട്. ഇത്തരം നടപടികളിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം ഗണ്യമായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി
Tags: pinarayi