ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായുടെ വാക്കു കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചുകളയാം എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വളരെ മോശമായി പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്നാണ് അമിത് ഷാ പറഞ്ഞത്.
അതിന് ഈ തടി പോര. അതൊക്കെ അങ്ങ് ഗുജറാത്തില്‍ മതി. ഇഷ്ടം പോലെ എടുത്ത് കൈകാര്യം ചെയ്യാവുന്നതല്ല കേരളത്തിലെ സര്‍ക്കാര്‍. ഈ നാടിനേയും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ അല്‍പന്‍മാര്‍ക്കു മറുപടി പറയേണ്ടതില്ല. എന്നാല്‍ ഇതിനു പിന്നില്‍ അണിനിരന്ന ചിലരുണ്ട്. അവര്‍കൂടി അറിയാനാണ് ഇതു പറയുന്നത്. എത്ര കാലമായി കേരളത്തില്‍ ബിജെപി രക്ഷപ്പെടാന്‍ നോക്കുന്നു. എന്താണു നടന്നത്?. നിങ്ങള്‍ക്കീ മണ്ണില്‍ സ്ഥാനമില്ലെന്ന് ഓര്‍ക്കണമെന്നും അമിത് ഷായ്ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശബരിമല സംഘര്‍ഷത്തിലെ പൊലീസ് നടപടി വിശ്വാസികള്‍ക്കെതിരല്ല. വിശ്വാസി ആയാല്‍ അക്രമം നടത്താമോ? ഇതു വിശ്വാസിയല്ല, ക്രിമിനലുകളെ റിക്രൂട്ട് ചെയ്ത് അവിടെയെത്തിക്കുകയായിരുന്നു. സംഘപരിവാറാണ് ശബരിമലയില്‍ ആക്രമണത്തിനു നേതൃത്വം കൊടുത്തത്. ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് അയ്യപ്പദര്‍ശനം നടത്താന്‍ എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും.
എന്നാല്‍ അതിന് എതിരു നില്‍ക്കുന്ന സമീപനം അംഗീകരിക്കില്ല. സ്ത്രീകളോട് ശബരിമലയില്‍ പോയ്‌ക്കൊള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടില്ല. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണു വിധിച്ചത്. അതു നാട്ടിലെ നിയമമാണ്. ഇതും നിയമവാഴ്ചയുള്ള സംസ്ഥാനമാണ്. അവിടെ ഭരണഘടനാനുസൃതമായേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ശബരിമലയുടെ കാര്യത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നു. ചില മാധ്യമങ്ങളില്‍ ഇപ്പോഴുണ്ടായ പൊലീസ് നടപടി വിശ്വാസികള്‍ക്കെതിരെയാണെന്നു ചിത്രീകരിക്കുന്നുണ്ട്.
ഏതു വിശ്വാസികള്‍ക്കെതിരെയാണു നടപടിയെടുത്തത്?. വിശ്വാസം അനുസരിച്ചു ജീവിക്കുന്നതിനു എല്ലാ സൗകര്യവും ചെയ്യുമെന്നതാണു സര്‍ക്കാര്‍ നയം-മുഖ്യമന്ത്രി അവകാശപ്പെട്ടു. ശബരിമല റിപ്പോര്‍ട്ടിങ്ങിനു പോയ മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റിരുന്നു. പിറകില്‍ മൂര്‍ച്ചയുള്ള സാധനം കുത്തിയിട്ട് ഇതു പറയെടാ എന്നു പറഞ്ഞായിരുന്നു ഭീഷണി. നിങ്ങളിനിയും വന്നോളു, ചെയ്‌തോളു, സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കേന്ദ്രമാണ് ശബരിമല എന്നാണോ സര്‍ക്കാര്‍ പറയേണ്ടതെന്നും പിണറായി ചോദിച്ചു. ശബരിമലയുടെ പവിത്രത കാത്തു സൂക്ഷിക്കണം.
എല്ലാ വിശ്വാസികള്‍ക്കും നിര്‍ഭയം കടന്നുപോകാന്‍ കഴിയണം. വിശ്വാസികളെ തടയുന്നതിനാണു സംഘപരിവാര്‍ ശ്രമിച്ചത്. ഇനി ശബരിമലയില്‍ യാതൊരു അതിക്രമവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.