വിവാദ വീരന്മാരുണ്ടെന്ന് പിണറായി; “വിവാദ വീരൻ’ തനിക്ക് ചേർന്ന തൊപ്പിയല്ലെന്ന് കാനം

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും നേര്‍ക്കുനേര്‍. അതേസമയം തന്റെ കാര്യങ്ങള്‍ താന്‍തന്നെ തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി.തനിക്കെതിരേ മുഖ്യമന്ത്രി ഉന്നയിച്ച ഒളിയന്പിനെതിരേ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രി “വിവാദ വീരൻ’ എന്ന് ഉദ്ദേശിച്ചത് എന്തായാലും തന്നെയായിരിക്കില്ലെന്നും ആ തൊപ്പി തനിക്ക് ചേരില്ലെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ല എന്നത് സിപിഐയുടെ നിലപാടാണ്. ഇക്കാര്യം താൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലാത്തതിനാൽ പോകില്ലെന്ന് താൻ പറഞ്ഞതാണ്. റവന്യൂമന്ത്രി യോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അത് സർക്കാർ കാര്യമല്ലേ എന്നും സിപിഐയുടെ തീരുമാനമാണ് താൻ പറയുന്നതെന്നും കാനം കൂട്ടിച്ചേർത്തു.
മൂന്നാര്‍ വിഷയത്തില്‍ സിപിഐയുടെ നിലപാടിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലത്തെ പോരിന് തുടക്കം കുറിച്ചത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സിപിഐയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. ചില വിവാദ വീരന്മാര്‍ നാട്ടിലുണ്ട്.എല്ലാം തങ്ങളുടെ കൈയിലാണെന്നാണ് കരുതുന്നത്. അവര്‍ക്ക് പ്രത്യേക മാനസിക നിലയാണ്. സകലതിനെയും നിയന്ത്രിച്ചുകളയാം എന്നാണ് വിചാരം. വഴിയില്‍ നിന്ന് വഴിതെറ്റിച്ചുകളയാം എന്ന് വിചാരമുണ്ടെങ്കില്‍ അത് മനസ്സില്‍ വച്ചിരുന്നാല്‍ മതി.മുമ്പും സര്‍ക്കാരിനെ ഇവര്‍ വഴിതെറ്റിച്ച അനുഭവമുണ്ട്. അതു തന്നെയാണ് ഇപ്പോഴും അവര്‍ തുടരുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രകടനപത്രിക അനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഒളിയമ്പിനെതിരെ മറുപടിയുമായി കാനം രാജേന്ദ്രനും രംഗത്തെത്തി. മൂന്നാര്‍ വിഷയത്തില്‍  മന്ത്രിയും പാര്‍ട്ടിയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും യോഗത്തില്‍ പങ്കെടുക്കില്ല എന്നത് സിപിഐയുടെ നിലപാടാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top