തേജസിൽ തീവ്രവാദം: പിണറായിയും മുസ്ലീം വിരുദ്ധൻ; പത്രത്തിന്റെ പരസ്യത്തിനു വിലക്ക്

തിരുവനന്തപുരം: തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതായി ആരോപിച്ചു തേജസ് ദിനപത്രത്തിനു പരസ്യം നല്‍കുന്നതില്‍ നിന്നു കേന്ദ്ര സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പുകള്‍ക്കു വിലക്ക്. തീവ്രവാദ സംഘടനകളില്‍ നിന്നും വിദേശത്തെ നിരോധിത സംഘടനകളില്‍ നിന്നും പണം കൈപ്പറ്റുന്നതായും, രാജ്യത്തിനുള്ളിലെ വിധ്വംസക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തേജസിനെതിരെ നടപടികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാന സര്‍ക്കാര്‍ തേജസിന്റെ പരസ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് വഴി നല്‍കുന്ന പരസ്യത്തിനാണ് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, തേജസ് ദിനപത്രത്തിന് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പരിശോധനയ്ക്കു ശേഷം 2006 സപ്തംബര്‍ 4 മുതല്‍ 2010 മെയ് 15 വരെ പരസ്യം ലഭിച്ചുിരുന്നു. എന്നാല്‍, 2010 മെയ് 16 മുതല്‍ പരസ്യങ്ങള്‍ നിഷേധിച്ചു. അറിയിപ്പോ വിശദീകരണങ്ങളോ നല്‍കാതെ ഏകപക്ഷീയമായിട്ടായിരുന്നു നടപടിയെന്നാണ് പത്രം മാനേജ്മെന്റ് അടക്കമുള്ളവര്‍ വിശദീകരിക്കുന്നത്.
2011 സപ്തംബര്‍ 8ാം തിയ്യതി മുതല്‍ വീണ്ടും പരസ്യം ലഭിക്കുകയുണ്ടായി. എന്നാല്‍, 2012 ആഗസ്ത് 26 മുതല്‍ പരസ്യം തടഞ്ഞുവച്ചു. ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് തോന്നുന്നത് പോലെയായിരുന്നു കാര്യങ്ങള്‍. തേജസ് ജീവനക്കാരുടെ പ്രതിനിധികളും മാനേജ്മെന്റും വീണ്ടും സര്‍ക്കാര്‍ പ്രതിനിധികളെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ അതേവര്‍ഷം സപ്തംബര്‍ 29ന് പരസ്യം പുന:സ്ഥാപിച്ചു. പക്ഷെ, രണ്ടര മാസത്തിനു ശേഷം 2013 മാര്‍ച്ച് 20 മുതല്‍ വീണ്ടും നിര്‍ത്തിവച്ചു. ഭരണഘടനാദത്തമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് സര്‍ക്കാരില്‍ നിന്നും തേജസിനുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്യം നിഷേധിച്ചത് എന്ന് പിആര്‍ഡി പറയുന്നു. ഇതേത്തുടര്‍ന്ന് പത്രം ഉടമകളായ ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് കമ്പനി, ഹൈക്കോടതി മുമ്പാകെ പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി 2362015 ന് കേരള സര്‍ക്കാരിനോട് ഒരു കമ്മിറ്റി രൂപീകരിച്ച് തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് വിധി പ്രസ്താവിച്ചു. ഉന്നതതല കമ്മിറ്റി സര്‍ക്കാര്‍ പരസ്യം നല്‍കേണ്ടതില്ലെന്നും നിര്‍ത്തിവച്ച നടപടി തുടരണമെന്നും തീരുമാനിച്ചിരിക്കുകയാണ്. വിശദമായ പഠനം നടത്താതെ കമ്മിറ്റികളെടുത്ത തീരുമാനം തേജസിന് കടുത്ത പ്രതിസന്ധിക്ക് ഇടവരുത്തിയിട്ടുണ്ട്.

തേജസില്‍ വന്ന വാര്‍ത്തകള്‍ മറ്റു പത്രങ്ങളിലും വന്നതാണ്. അതിലൊരു വര്‍ഗീയതയും ഉത്തരവാദപ്പെട്ടവര്‍ കാണുന്നില്ല. പ്രമുഖ ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ ഹിമാന്‍ ശുകുമാര്‍ ആദിവാസികള്‍ക്ക് നേരെയുള്ള ക്രൂരതയെക്കുറിച്ചു നടത്തിയ പ്രസംഗം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്തതാണ്. പക്ഷേ, ഈ വാര്‍ത്ത പോലും തേജസില്‍ വന്നപ്പോള്‍ വര്‍ഗീയമാണെന്നാണ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് കണ്ടെത്തിയത്. മറ്റു പത്രങ്ങളില്‍ വന്ന വാര്‍ത്ത തേജസില്‍ വരുമ്പോള്‍ അതില്‍ രാജ്യദ്രോഹം ആരോപിക്കുകയും വൈരാഗ്യത്തോടുകൂടി നടപടികളെടുക്കുകയും ചെയ്യുകയാണ്.

സംസ്ഥാനത്ത് 5 കേന്ദ്രങ്ങളിലായി പ്രസിദ്ധീകരിക്കുന്ന തേജസ് ദിനപത്രത്തില്‍ വിവിധ വിഭാഗങ്ങളിലായി വനിതകളടക്കം 500ഓളം ജീവനക്കാര്‍ നേരിട്ടും പുറമെ 14 ജില്ലകളിലും കേരളത്തിന് പുറത്തും നൂറുകണക്കിന് ലേഖകന്മാരും മൂവായിരത്തിലധികം ഏജന്റുമാരും ഫീല്‍ഡ് സ്റ്റാഫുകളും ഈ പത്രത്തെ ആശ്രയിച്ചാണ് കഴിയുന്നത്. പരിമിത വിഭവങ്ങളുമായി മുന്നോട്ട് പോവുന്ന സ്ഥാപനത്തിന്റെ വരുമാന സ്രോതസ്സുകല്‍ലൊന്ന് സര്‍ക്കാര്‍ പരസ്യമായിരുന്നു. എന്നാല്‍, അത് നിര്‍ത്തലാക്കിയപ്പോള്‍ ജീവനക്കാരുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി.

ഈ കാര്യങ്ങള്‍ മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിമാരേയും എംഎല്‍എമാരേയും നിവേദനത്തിലൂടെ ധരിപ്പിച്ചിതായി തേജസ് അധികൃതര്‍ പറയുന്നു. ഒരു പരിഹാരവും കാണാത്തതിനാല്‍ ജീവനക്കാര്‍ സമരത്തിലിറങ്ങുകയാണ്. പരസ്യം നിഷേധിക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും തേജസിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ബാധിക്കുന്നത്. നീതിയോടു പക്ഷം ചേരുന്ന കേരള ജനത തേജസ് ജീവനക്കാരുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

സമരത്തിന്റെ തുടക്കമെന്ന നിലയ്ക്ക് സെക്രേട്ടറിയറ്റു പടിക്കല്‍ വെള്ളിയാഴ്ച ധര്‍ണ നടത്തുമെന്ന് തേജസ് എംപ്ലോയീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി എ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.

Top