
കൊച്ചി:പിണറായി സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ 30 കോടിയിലധികം രൂപ കേരളത്തില്‍ മൂന്ന് മാസങ്ങള്‍ക്കുമുന്‍പ് കേരളത്തില്‍ എത്തി എത്തിയതായി രഹസ്യ വിവരം.സെപ്റ്റംബര്‍ -ഒക്‌ടോബര്‍ മാസങ്ങളിലായി കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടിലും കേരളത്തില്‍ നിക്ഷേപമുള്ള ഒരു പ്രമുഖ കമ്പനിയുടെ അക്കൗണ്ടിലൂടെയുമാണ് പണം എത്തിയതെന്ന രഹസ്യ വിവരമാണ് പുറത്തുവന്നത്. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുവാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുവാനാണ് പണം കേരളത്തിലെത്തിയത്. ഇടനിലക്കാര്‍ വഴി പല മാധ്യമ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും മുഖ്യധാര മാധ്യമങ്ങളെല്ലാം പണം കൈപ്പറ്റുവാന്‍ മടിച്ചു. പിന്നീട് പല കമ്പനികളുടെ പരസ്യങ്ങളുടെ പേരില്‍ ചിലര്‍ പണം കൈപ്പറ്റിയതായി സൂചനയുണ്ട്. പ്രമുഖരായ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദേശയാത്രയടക്കമുള്ള സൗജന്യങ്ങള്‍ കിട്ടിയതായും വിവരമുണ്ട്. കേരളത്തില്‍ എത്തിയ ഈ പണത്തെക്കുറിച്ച് ഒന്നരമാസം മുമ്പ് സര്‍ക്കാരിന് രഹസ്യ വിവരം കിട്ടിയിരുന്നു. സംഭവം പുറത്തായെന്ന് വ്യക്തമായതോടെ ഈ തുകയുടെ വിനിയോഗത്തില്‍ നിന്ന് പണം മുടക്കിയവര്‍ പിന്‍മാറുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു
ഓരോ മന്ത്രിമാരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആക്രമണത്തിനാണ് ഗുഢാലോചന നടന്നത്. മന്ത്രിമാര്‍ക്കുണ്ടാകുന്ന വീഴ്ചകള്‍ ചര്‍ച്ചയാക്കുകയും അതിലൂടെ ഗവണ്‍മെന്റ് ഇമേജ് തകര്‍ക്കുകയും ആണ് ലക്ഷ്യമിട്ടത്. ഇപ്പോള്‍ സംസ്ഥാന മന്ത്രി സഭയില്‍ ഉള്ള ഒരു മന്ത്രിക്കെതിരെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ട സാഹചര്യം ഉണ്ടാകുന്ന തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന സൂചനയുണ്ട്. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം വിവരങ്ങള്‍ ചോരുന്നതിന്റെ വിവരവും ലഭ്യമായിട്ടുണ്ട്.മുഖ്യമന്ത്രിയും മന്ത്രിമാരും വിശ്വാസത്തില്‍ എടുത്തിരിക്കുന്ന പല ഉദ്യോഗസ്ഥരും രഹസ്യമായി സര്‍ക്കാരിനെപഴി കേള്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ മാത്രമേ കേരളത്തിലെ ജനങ്ങളുടെ മനസ്സ് മാറ്റാന്‍ കഴിയൂ എന്ന ചിന്തയില്‍ നിന്നാണ് ഗവണ്‍മെന്റിനെതിരെ വാര്‍ത്ത നല്‍കുവാന്‍ മാധ്യമങ്ങളെ വിലക്കെടുക്കുവാന്‍ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.