തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതി ആവാനം ചെയ്ത ഹര്‍ത്താലില്‍ ആക്രമണം അഴിച്ചുവിട്ടതിന് അറസ്റ്റിലായതില്‍ പതിനായിരത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ടു മാത്രം വിവിധ അക്രമ സംഭവങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത 1137 കേസുകളില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10,024 പേരാണ്. ഇതില്‍ 9193 പേരും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന വ്യാപക അക്രമ സംഭവങ്ങളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് വിശദീകരണം നല്‍കി. ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചാണു സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചു മുഖ്യമന്ത്രി വിവരങ്ങള്‍ അറിയിച്ചത്.
യുവതീ പ്രവേശനത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങളുടെ മറവില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ശ്രമമുണ്ടായി. യുവതീപ്രവേശനത്തിന് പിന്നാലെ ആര്‍എസ്എസിന്റെ കൃത്യമായ നിര്‍ദേശം വന്നതോടെയാണ് സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. യുവതീ പ്രവേശനത്തെ എതിര്‍ത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് മറയാക്കി മാറ്റി.
അക്രമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്കു സാരമായി പരുക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 7 പൊലീസ് സ്റ്റേഷനുകളിലായി 15 പേര്‍ അറസ്റ്റിലായി. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്നുമുള്ള ബിജെപിയുടെ ആവശ്യത്തെ കേരളത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയ ശ്രമമമാണെന്ന് വ്യക്തമാക്കി തിരിച്ചടിക്കുകയാണ് മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്.