കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ സംസ്ഥാന നിലപാട് അറിയിച്ച് കത്തെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് കേന്ദ്രത്തിന്റെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് കത്ത് അയക്കുന്നത്. നടപ്പാക്കാന്‍ പ്രയാസമുളള തീരുമാനമാണ് ഇതെന്നും പ്രായോഗികമല്ലെന്നും വ്യക്തമാക്കിയാകും കത്തെഴുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ മറുപടിക്കുശേഷം മാത്രമെ മറ്റ് നടപടികളിലേക്ക് സംസ്ഥാനം കടക്കുകയുളളൂ. കേന്ദ്രതീരുമാനം ആശ്ചര്യകരമാണെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനാധിപത്യരാഷ്ട്രത്തിന് പറ്റുന്ന തീരുമാനമല്ല ഇത്. കേന്ദ്രസര്‍ക്കാര്‍ ഇഷ്ടങ്ങളും തീരുമാനങ്ങളും അടിച്ചേല്‍പിക്കുകയാണ്. ഇന്ന ഭക്ഷണമേ കഴിക്കാവൂ എന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ല. നിരോധനം ആയിരങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ നിയമം അനുസരിച്ചാണ് കാള,പശു, പോത്ത് ഒട്ടകം എന്നിവയെ കശാപ്പിനായി കാലിച്ചന്തകള്‍ വഴി വില്‍പ്പന നടത്തുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്. ബലി ആവശ്യത്തിന് മൃഗങ്ങളെ വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലിച്ചന്തകളുടെ പ്രവര്‍ത്തനത്തിന് മുപ്പതോളം വ്യവസ്ഥകളും ഉത്തരവിലുണ്ട്. വ്യാപകമായ പ്രതിഷേധമാണ് കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനമെങ്ങും ഉയരുന്നത്. ഇടത് യുവജനവിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റിവെല്‍ ഉള്‍പ്പെടെയുളള പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്