തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അച്ചടക്കത്തിന്റെ പേരില്‍ മനുഷ്യാവകാശം ലംഘിക്കുന്ന ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. ഇത് ലംഘിക്കുന്നത് ഏതു ഉന്നത ഉദ്യോഗസ്ഥനായാലും കര്‍ശന നടപടിയെടുക്കുമെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.
ദാസ്യപ്പണി കാലാകാലങ്ങളായി നിലനില്‍ക്കുന്നു. ബ്രിട്ടീഷ് കാലത്തെ ജീര്‍ണ സംസ്‌കാരം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. പൊലീസ് ഒരു അച്ചടക്ക സേനയാണ്. ഇതിന്റെ പേരില്‍ മനുഷ്യാവകാശ ധ്വംസനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിമപ്പണിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പോരെന്നും പ്രത്യേക അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നതെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി മറുപടി നല്‍കി.
എഡിജിപി സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌കര്‍ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി പരാതി നല്‍കിയതോടെയാണ് ദാസ്യപ്പണിയെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്. എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ ഗവാസ്‌കര്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയത്ത് വാഹനത്തിലിരുന്ന് മകള്‍ സ്നികത അസഭ്യം പറഞ്ഞു. ഇതിനെ എതിര്‍ത്തതോടെ എഡിജിപിയുടെ മകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് കഴുത്തിന് പുറകിലിടിച്ചെന്നാണ് ഗവാസ്‌കര്‍ പരാതി നല്‍കിയത്.
എഡിജിപിയുടെ വീട്ടില്‍ നടക്കുന്നത് നഗ്‌നമായ മനുഷ്യത്വ ലംഘനമാണെന്നും ഗവാസ്‌കര്‍ ആരോപിച്ചിരുന്നു. പട്ടിയെ പരിശീലിപ്പിക്കാന്‍ വിസമ്മതിച്ച പൊലീസുകാരനെ കാസര്‍കോടിലേക്ക് സ്ഥലം മാറ്റി. മകളെ നോക്കി ചിരിച്ചതിന് അഞ്ചു പൊലീസുകാരെ നല്ല നടപ്പിന് അയച്ചു. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
എഡിജിപി സുദേഷ് കുമാറിനെതിരായ ആരോപണങ്ങളില്‍ നടപടിയെടുത്തിരുന്നു. ആംഡ് പൊലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്നും സുദേഷ് കുമാറിനെ മാറ്റി. എഡിജിപി ആനന്ദകൃഷ്ണന് പകരം ചുമതല നല്‍കി.