ഒരു അധികാര ശക്തിയേയും പൊലീസ് ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  പോലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി. പണവും അധികാരവുമുള്ള ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവർത്തിച്ചു.  കുറ്റവാളി രക്ഷപ്പെടുന്നതിനോ നിരപരാധി ശിക്ഷിക്കപ്പെടുന്നതിനോ ഇടവരരുതെന്നും ഒരു അധികാര ശക്തിയേയും പൊലീസ് ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളാ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുഃസ്വാധീനത്തിന്റെ കീഴില്‍ അല്ല തങ്ങളുടെ തൊപ്പി എന്നത് ഏതു പൊലീസ് ഓഫിസര്‍ക്കാണ് അഭിമാനം പകരാത്തത്. സ്വാധീനത്തിന്റെ പഴുതിലൂടെ ഉന്നതബന്ധമുള്ള കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ചില ഘട്ടങ്ങളില്‍ ഉണ്ടായിരുന്നു. കുറ്റകൃത്യത്തില്‍ പങ്കുള്ളത് ഏത് ഉന്നതരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഇതിന് ഒരു ശക്തിയേയും പൊലീസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് പിണറായി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസില്‍ അഴിമതി അംഗീകരിക്കില്ല മാത്രമല്ല ലോക്കപ്പ് മര്‍ദ്ദനവും മൂന്നാം മുറയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്‍സേഷണലായ കേസുകളില്‍ പൊലീസ് മാധ്യമങ്ങളെ കാണരുത്. വിശദീകരണം അധികാരപ്പെട്ടവര്‍ ആവശ്യമെങ്കില്‍ മാത്രം നല്‍കിയാല്‍ മതി. വിവരങ്ങള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് മര്‍ദനം സംബന്ധിച്ചും അഴിമതി സംബന്ധിച്ചും പരാതികള്‍ വരുന്നുണ്ട്. കഴമ്പുണ്ടെന്നു കണ്ട പരാതികളില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടി പൊലീസ് സംഘടനകളുടെ ഭാഗത്തു നിന്നുമുണ്ടാകണം. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നടപടിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഫ്യൂഡല്‍ രീതിയുടെ ചില അവശിഷ്ടങ്ങള്‍ ചില പൊലീസുകാരില്‍ കാണുന്നുണ്ട്. അതും ഇല്ലാതാക്കണം. സിഐമാരെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി നിയമിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top