പിണറായി വിജയന്റെ നവ കേരള യാത്രയ്ക്ക് സ്വീകരണവുമായി വീരേന്ദ്രകുമാറും; മുന്നണിമാറ്റത്തിനു മുന്‍പ് സൗഹൃദ ചര്‍ച്ചയുമായി കോണ്‍ഗ്രസ്; യുഡിഎഫില്‍ നില്‍ക്കാന്‍ രഹസ്യയോഗവുമായി മന്ത്രി മോഹനന്‍

കോഴിക്കോട്: പിണറായി വിജയന്റെ നവകേരള യാത്ര കോഴിക്കോട് എത്തുമ്പോള്‍ സ്വീകരണവുമായി വീരേന്ദ്രകുമാര്‍ വേദിയിലുണ്ടാകുമെന്നു സൂചന. വീരേന്ദ്രകുമാറും അദ്ദേഹത്തോടു അടുത്ത വൃത്തങ്ങളും ജനതാദള്‍ യുവിലെ ഔദ്യോഗിക വിഭാഗം നേതാക്കളും ഇടതു പക്ഷത്തേയ്ക്കു പോകണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് പിണറായി വിജയന്റെ നവകേരള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വീരേന്ദ്രകുമാര്‍ സമ്മതിച്ചതെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ ഏക മന്ത്രിയായ കെ.പി മോഹനന്‍ പാര്‍ട്ടിയെ പിളര്‍ത്തുന്ന നിലപാടില്ലെന്നും, എന്നാല്‍, ഇടതു പക്ഷത്തേയ്ക്കു പോകുന്നതിനോടു യോജിക്കില്ലെന്നും അദ്ദേഹം പറയുന്നു.
കാസര്‍കോട് നിന്നു ജനുവരി 15 നു ആരംഭിക്കുന്ന മാര്‍ച്ച് ജനുവരി 20ഓടെയാണ് കോഴിക്കോട് എത്തുന്നത്. കോഴിക്കോട് ജില്ലയിലെ പ്രധാന സ്വീകരണ കേന്ദ്രത്തില്‍ വീരേന്ദ്രകുമാറും അദ്ദേഹത്തോടു അടുത്ത നേതാക്കളും എത്തിയേക്കും എന്ന സൂചനയാണ് സിപിഎമ്മിന്റെയും ജനതാദള്ളിന്റെ നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്. പാര്‍ട്ടി ഇടതു മുന്നണിയിലേയ്ക്കു പോകുന്നതിനെ മന്ത്രി കെ.പി മോഹനന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എതിര്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ പാര്‍ട്ടിയെ പിളര്‍ത്തി പുറത്തു പോകില്ലെന്ന ആത്മവിശ്വാസത്തിലാണ് വീരന്‍ഗ്രൂപ്പ്. എംവി ശ്രേയാംസ്‌കുമാര്‍ എംഎല്‍എയും അദ്ദേഹത്തോടു അടുത്ത നേതാക്കളും എല്ലാം പാര്‍ട്ടിയില്‍ വീരേന്ദ്രകുമാറിനൊപ്പം ഉറപ്പു നില്‍ക്കുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്നു ലഭിച്ചിരുന്നു.
മന്ത്രി കെ.പി മോഹനന്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കുന്നതിനായി രഹസ്യയോവും ചേര്‍ന്നിരുന്നു. ഇദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന രണ്ടു ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് ഇദ്ദേഹത്തിന്റെ ഗ്രൂപ്പിലുള്ള ആളുകളുടെ യോഗം മന്ത്രി കെ.പി മോഹനന്‍ ചേര്‍ന്നത്. മുന്നണിമാറ്റം ചര്‍ച്ച ചെയ്യുന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിനു മുന്‍പ് സമ്മര്‍ദം ശക്തമാക്കുകകായയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് ഈ യോഗത്തില്‍ പങ്കെടുത്ത ഒരു ജില്ലാ പ്രസിഡന്റ് തന്നെ വ്യക്തമാക്കിയത്. എന്നാല്‍, ഈ യോഗത്തില്‍ പാര്‍ട്ടിയെ പിളര്‍ത്താനുള്ള പിന്‍തുണ കെ.പി മോഹനനു ലഭിച്ചിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് വീരേന്ദ്രകുമാര്‍ മുന്നണി മാറ്റമെന്ന സാധ്യതയുമായി വീണ്ടും സജീവമായി മുന്നോട്ടു പോകുന്നത്.
എന്നാല്‍, മുന്നണി വിടാന്‍ ഒരുങ്ങുന്ന വീരേന്ദ്രകുമാറിനെ തടഞ്ഞു നിര്‍ത്തുന്നതിനു പകരം പാര്‍ട്ടിയെ പിളര്‍ത്തി ദുര്‍ബലപ്പെടുത്തുന്നതിനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഒരുങ്ങുന്നത്. ഇടതു മുന്നണിയില്‍ നിന്നു ചവിട്ടി പുറത്താക്കിയപ്പോള്‍ അഭയം നല്‍കിയ യുഡിഎഫിനെ ഇപ്പോള്‍ വീരേന്ദ്രകുമാര്‍ തള്ളിപ്പറയുകയാണെന്ന വാദമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. അതുകൊണ്ടു തന്നെ വീരേന്ദ്രകുമാറിനോടും പാര്‍ട്ടിയോടും ഒരു ദയവും വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Top