തിരുവന്തപുരം:ഈ മാസം 15 ന് ആരംഭിക്കുന്ന സിപിഐഎമ്മിന്റെ നവകേരള മാര്‍ച്ചില്‍ സ്ഥിരാംഗമായി ഇടതുപക്ഷ സ്വതന്ത്രന്‍ കെടി ജലീലും.കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് എട്ടാമനായി ജലീലിനെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.യോഗത്തില്‍ ജഥാ ക്യാപ്റ്റന്‍ കൂടിയായ പിണറായി വിജയന്‍ തന്നെയാണ് ജലീലിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് സൂചന.തുടക്കത്തില്‍ ഏഴ് പേരെയാണ് നവകേരള യാത്രയില്‍ അംഗങ്ങളായി നിശ്ചയിച്ചിരുന്നത്.പിണറായിയെ കൂടാതെ എംവി ഗോവിന്ദന്‍ ,കെജെ തോമസ്,പികെ സൈനബ,എംബി രാജേഷ്,എ സമ്പത്ത്,പികെ ബിജു എന്നിവരാണ് ജാഥയിലെ മറ്റംഗങ്ങള്‍.ഇവരെ സംസ്ഥാന കമ്മറ്റിയായിരുന്നു നിശ്ചയിച്ചത്.എന്നാല്‍ 2009 ല്‍ ജാഥയില്‍ അംഗമായിരുന്ന ജലീലിനെ കൂടി ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് അദ്ദേഹത്തെ കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനത്തിന് പിന്നില്‍.
മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നല്ല നേട്ടം കൈവരിക്കാനായതിന് പിന്നിലും ജലീലിന് വ്യക്തമായ പങ്കുണ്ടെന്ന് സംസ്ഥാന കമ്മറ്റി വിലയിരുത്തുന്നു.ന്യുനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ മുഖമായി പ്രവര്‍ത്തിക്കാന്‍ ജലീലിന് കഴിയുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍.ഇത് പരമ്പരാഗത മുസ്ലീം ലീഗ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ സഹായിക്കുമെന്ന് സിപിഎം നേതൃത്വം ഉറച്ച് വിശ്വസിക്കുന്നു.2009 ലെ നവകേരള മാര്‍ച്ചില്‍ അംഗമായ പിണറായിയോടൊപ്പം അന്ന് ജലീലിനെ കൂടി ഉള്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.ഈ അടുപ്പം തന്നെയാണ് ഇത്തവണയും അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകം.ഇനി യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായിരിക്കും പാര്‍ട്ടി നിലപാടുകളെന്ന് തെളിയിക്കാന്‍ കൂടിയാണ് എംബി രാജേഷിനും,പികെ ബിജുവിനും ഇത്തവണ അവസരം നല്‍കുക വഴി സിപിഎം നല്‍കുന്ന സന്ദേശം.
ജാഥയില്‍ പ്രധാനമായി ഉയര്‍ത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് അടുത്ത ദിവസം തന്നെ തീരുമാനമായേക്കും.വര്‍ഗീയതയ്ക്കും,യുഡിഎഫിന്റെ ജനവിരുദ്ദതക്കും എതിരായുള്ള പ്രചരണം തന്നെയാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.ഉദ്ഘാടനത്തിനും സമാപനത്തിനും മുതിര്‍ന്ന നേതാവ് വിഎസിന്റെ സാനിധ്യമുറപ്പിക്കാനും പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ തന്നെ ശ്രമമാരംഭിച്ച് കഴിഞ്ഞു.