ജോസഫ് ഗ്രൂപ്പിനെ ഒപ്പം കൂട്ടാന്‍ പിണറായി എപ്പോഴേ തീരുമാനിച്ചിരുന്നു;മലയാളം വാരികയുടെ അഭിമുഖം പുറത്ത്.

തിരുവനന്തപുരം:പിണറായിയാണ് പാര്‍ട്ടിയിലെ അവസാന വാക്ക് ഇപോഴും എപ്പോഴും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഐ(എം) തീരുമാനിച്ച് ഉറപ്പിച്ചുവച്ചിരിക്കുകയാണെന്നു വ്യക്തമാക്കുന്ന വിശദീകരണവുമായി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇന്ന് പുറത്തിറങ്ങിയ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അഭിമുഖത്തിലാണ് പിണറായി രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള മറുപടി നല്‍കിയിരിക്കുന്നത്. ജോസഫ് പക്ഷം നേരത്തേ ഇടതുമുന്നണി വിട്ടത് എന്തിനാണെന്ന് തങ്ങള്‍ക്കറിയില്ല എന്നും അവരും കാരണമൊന്നും പറഞ്ഞിട്ടില്ലെന്നും പിണറായി പറയുന്നു.

തിരിച്ചുവരുന്നോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ക്കൊന്നേ പറയാനുള്ളു. ജോസഫ് ഉള്‍പ്പെടെ വരുന്നതില്‍ ഞങ്ങള്‍ക്ക് വിപ്രതിപത്തിയൊന്നുമില്ല. അതായത് തള്ളിക്കളയില്ല. ജോസഫ് ഇല്ലാതെ വരുന്നോ. അപ്പോഴും ഞങ്ങള്‍ എതിര്‍ക്കില്ല. അവര്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്നവരാണ്. എന്നാണ് വിശദീകരണം. ജോസഫ് പക്ഷത്തനുന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്, ഡോ. കെ സി ജോസഫ്, പി സി ജോസഫ്, ആന്റണി രാജു എന്നീ നേതാക്കള്‍ രാജിവച്ചത് വ്യാഴാഴ്ചയാണ്. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ഇവരോടുള്ള സിപിഐ(എം) നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്ത വിധമാണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാത്രമല്ല അവരെ ഘടക കക്ഷിയാക്കുമെന്ന സൂചനയും പിണറായി നല്‍കുന്നു. കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ആര്‍എസ്പി വിട്ട് വന്നപ്പോള്‍ അവരെ ഇടതുമുന്നണി സ്വീകരിച്ചുവെന്നും ഒരിക്കല്‍ മുന്നണിയുടെ ഭാഗമായിരുന്നവരാണ് അവര്‍ എന്നതാണു കാരണമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് അതേ പരിഗണന ജോസഫ് പക്ഷത്തിനും ലഭിക്കുമെന്നാണ് പിണറായി വിശദീകരിക്കുന്നത്. മുന്നണിയുടെ ഭാഗമായിരുന്നവര്‍ക്കു മാത്രം ബാധമകമായ കാര്യമാണ് ഇതെന്നും പറയുന്നു.

ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസ് സഹായിക്കാനും തിരിച്ച് ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹായം കോണ്‍ഗ്രസിന് ഉറപ്പാക്കാനുമാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ശ്രമമെന്ന് പിണറായി ആരോപിക്കുന്നു. ഇതിന് ഇടനിലക്കാരനായി നില്‍ക്കുന്നത് വെള്ളാപ്പള്ളി നടേശനാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വടകരയിലും ബേപ്പൂരിലും പരീക്ഷിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ്, ലീഗ്, ബിജെപി സഖ്യത്തിന്റെ പുതിയ രീതിയാണ് ഇത്. ആര്‍എസ്എസിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ ഭാഗമായിരിക്കുകയാണ്.

എന്നാല്‍ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ അതിനു കൂട്ടുനില്‍ക്കില്ല. കാരണം അവര്‍ അംഗീകരിക്കുന്നത് ശ്രീനാരായണ ഗുരുവിനെയാണ്. ഗുരുവിനെ അംഗീകരിക്കുന്നവര്‍ക്ക് ആര്‍എസ്എസിനെ അംഗീകരിക്കാനാകില്ല. സിപിഎമ്മില്‍ ഇപ്പോള്‍ വിഭാഗീയത ഇല്ലെന്നും എന്നാല്‍ ലക്ഷങ്ങള്‍ അണിനിരക്കുന്ന പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും പിണറായി പറയുന്നു.

ഒരു പതിറ്റാണ്ടിന് ശേഷമാണ് മലയാളം വാരികയില്‍ പിണറായി വിജയന്റെ അഭിമുഖം പ്രസിദ്ധീകരിക്കുന്നത്. നേരത്തെ സിപിഐ(എം) വിഭാഗീയത മൂര്‍ദ്ധന്യാവസ്ഥയില്‍ നിന്ന വേളയില്‍ വി എസ് പക്ഷത്ത് നിലയുറപ്പിച്ച മാദ്ധ്യമാണ് സമകാലിക മലയാളം. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നില്ല. ഇപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന വിധത്തില്‍ പ്രചരണം ശക്തമായപ്പോഴാണ് അഭിമുഖവും മലയാളത്തില്‍ വന്നത്. നേരത്തെ മാതൃഭൂമിയുമായുള്ള പിണക്കവും പിണറായി പരിഹരിച്ചിരുന്നു. മാതൃഭൂമിയില്‍ പിണറായി വിജയന്റെ വിശദമായ അഭിമുഖവും പ്രസിദ്ധീകരിക്കുകയുണ്ടായി.

Top