പറയാത്തകാര്യം തന്റെ നാവിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കേണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ . ടി.പി ശ്രീനിവാസനു നേര്‍ക്ക് ഇന്നലെയുണ്ടായ എസ്.എഫ്.ഐയുടെ കയ്യേറ്റത്തില്‍ അപലപിച്ച് പിണറായി വിജയന്‍ ഇന്ന് രംഗത്തുവരുകയായിരുന്നു. ശ്രീനിവാസനെതിരായ കയ്യേറ്റം അതിരുകടന്ന നടപടിയായി. എന്തിന്റെ പേരിലാണെങ്കിലും ഇത്തരം നടപടിയെ ന്യായീകരിക്കാനാവില്ല. അത് വ്യക്തിപരമായ പ്രതിഷേധമായിരുന്നില്ലെന്നും പിണറായി പറഞ്ഞു. നവ കേരള യാത്രയുടെ ഭാഗമായി പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനിവാസന്‍ വിദ്യാഭ്യാസ വിചക്ഷണനല്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അംബാസഡര്‍ എന്ന നിലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഒരു വിദേശ ഏജന്റാണെന്ന് താന്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ എഴുതിയിരിക്കുന്നു. പറയാത്തകാര്യം തന്റെ നാവിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കേണ്ട. ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തലപ്പത്ത് നിയമിച്ചിരിക്കുന്നത് വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരിക്കുന്നതിനാണ്. വിദേശ സര്‍വകലാശാലകള്‍ വന്നലേ നമ്മുടെ വിദ്യാഭ്യാസമേഖല നന്നാവൂ എന്നാരാണ് പറയുന്നത്. ഇന്നലെ ഈ പ്രതികരണം നടത്തുമ്പോള്‍ ശ്രീനിവാസനെതിരായ കയ്യേറ്റത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരുന്നില്ല. ശ്രീനിവാസനെതിരായ കയ്യേറ്റം അതിരുകടന്ന നടപടിയായി. അത് വ്യക്തിപരമായ പ്രതിഷേധമായിരുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സോളാര്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പ് ഇടപാടുകളില്‍ തന്റെ പങ്ക് പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി എന്നും ശ്രമിച്ചിട്ടുണ്ട്. സരിത മൊഴി നല്‍കുന്നതിന് തലേന്ന് തമ്പാനൂര്‍ രവി നടത്തിയ ഇടപാടും സരിത നടത്തിയ ഫോണ്‍ രേഖ ഒരു ഐ.ജി ചോര്‍ത്തി നശിപ്പിച്ചു എന്ന് ഡി.ജി.പി സോളാര്‍ കമ്മിഷന് നല്‍കിയ മൊഴിയും ഇതിന് തെളിവിവാണ്. ഈ ഐ.ജിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല. മുന്‍പ് സലീംരാജിന്റെ ഫോണ്‍രേഖകള്‍ പുറത്തുവരാതിരിക്കാന്‍ എ.ജിയെ വച്ച് ഉമ്മന്‍ ചാണ്ടി കോടതിയില്‍ നടത്തിയ നീക്കം ഇതിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുമായി ബന്ധം വെളിപ്പെടുത്തുന്ന സരിത സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് പുറത്തുവന്നു. പി.സി വിഷ്ണുനാഥുമായി തന്നെ ബന്ധപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് സരിത വെളിപ്പെടുത്തിയത്. ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ നിരന്തരം ബിനിസന് ബന്ധങ്ങളുണ്ട്. അങ്ങനെയൊരു സ്ത്രീ പറയുന്നത് പരിശോധിക്കാരെ തള്ളാന്‍ കഴിയില്ലല്ലോ. അതു പരിശോധിക്കണമെന്ന് പറയുന്ന ജഡ്ജിയുടെ ശവമഞ്ചം വരെ തയ്യാറാക്കുന്നത് ശരിയായ രീതിയല്ലല്ലോയെന്നും പിണറായി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അധികാരമില്ല എന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിഷേധം നടത്തുന്നത് മര്‍ദ്ദിച്ചൊതുക്കാനാവില്ല. അടിച്ചൊടുക്കാന്‍ നോക്കിയാല്‍ പ്രതിഷേധം കൂടുതല്‍ വ്യാപകമാകുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.ഹൈക്കോടതി ജഡ്ജിയുടെ വിധിയില്‍ പൊതുജനങ്ങള്‍ക്ക് സംശയമുണ്ട്. തെരഞ്ഞെടുപ്പ് വരെ തനിക്കെതിരെ അന്വേഷണം പാടില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹമാണ് നടന്നത്. രണ്ടു മാസത്തെ സ്റ്റേയ്ക്ക് വേറെ അര്‍ത്ഥമുണ്ടെന്നും പിണറായി പറഞ്ഞു.