കൊച്ചി: കൊല്ലം ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മകളെയും പൊതുമധ്യത്തിൽ അപമാനിച്ച പിങ്ക് പോലീസ് നടപടിയിൽ സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈൽ ഫോൺ ചോദിച്ചത്. ഈ ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസിൽ തുടരുന്നുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു.
പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയ്ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ് അയക്കുമെന്ന് കോടതി അറിയിച്ചു. പിങ്ക് പോലീസിൻറെ അതിക്രമത്തിനിരയായ പെൺകുട്ടി നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ചോദ്യം. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
അച്ഛനെയും മകളെയും പൊതുനിരത്തിൽ മണിക്കൂറുകളോളം പോലീസുകാരി പരസ്യവിചാരണ നടത്തുന്നതിൻറെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നീട് മോഷണം പോയെന്നു അവകാശപ്പെട്ട ഫോൺ പോലീസ് വാഹനത്തിൽ നിന്നു കണ്ടെത്തിയിട്ടും ഇവർ അച്ഛനോടും മകളോടും മാപ്പു പറയാനോ തയാറായിരുന്നില്ല. തിരുവനന്തപുരം സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് സിവിൽ പോലീസ് ഓഫീസർ രജിത പരസ്യവിചാരണ നടത്തിയത്.