പിറവം പള്ളിക്ക് മുകളിൽ ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ!! പോലീസ് പിന്മാറി

പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പള്ളി പരിസരത്ത് പോലീസെത്തി. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു.

പിറവം വലിയപള്ളിക്കു മുകളിൽ ആത്മഹത്യാ ഭീഷണിയുമായി രണ്ട് യാക്കോബായ വിശ്വാസികൾ. ഓർത്തഡോക്സ് സഭയിലെ അച്ചന്മാർക്കും വിശ്വാസികൾക്കും പള്ളിയിൽ പ്രവേശനം അനുവദിച്ചാൽ ജീവനൊടുക്കുമെന്നാണു ഭീഷണി. പ്രതിഷേധത്തെ തുടര്‍ന്ന് പള്ളി പരിസരത്തുനിന്ന് പൊലീസ് പിന്മാറി. നാളത്തെ ഹൈക്കോടതി വിധിക്കു ശേഷം തുടര്‍നടപടിയുമായി മുന്നോട്ടുപോകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീം കോടതി വിധി നടപ്പാക്കാൻ പൊലീസ് ശ്രമിച്ചതിനിടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. രണ്ടായിരത്തോളം ആളുകളാണ് പള്ളിപ്പരിസരത്തു തമ്പടിച്ചിട്ടുള്ളത്. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കടക്കാനുള്ള പൊലീസിന്റെ ശ്രമം വിശ്വാസികൾ തടഞ്ഞു.

എന്തുകൊണ്ട് പള്ളിത്തർക്ക വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടിക്ക് ഒരുങ്ങിയത്. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നാളെ വിശദീകരണം നൽകാനിരിക്കെയാണ് സർക്കാരിന്റെ നീക്കം. നാളെ കേസ് ഹൈക്കോടതിൽ പരിഗണിക്കാനിരിക്കെ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നാണ് യാക്കോബായ സഭാംഗങ്ങളുടെ ആവശ്യം.

അതേസമയം, പള്ളിയിൽ തൽസ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് യാക്കോബായാ സഭാ വിശ്വാസികളുടെ നേതൃത്വത്തിൽ സമാധാന സന്ദേശറാലിയും പള്ളിയിൽ അഖണ്ഡപ്രാർഥനയും സംഘടിപ്പിച്ചിരുന്നു. വിധി നടപ്പാക്കാൻ ഓർത്തഡോക്സ് – യാക്കോബായ സഭാ നേതൃത്വങ്ങൾ സഹകരിക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ കലക്ടർ ആവശ്യപ്പെട്ടിരുന്നു.

Top