കൊച്ചി: തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ്- യാക്കോബായ സഭാംഗങ്ങൾ സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് പ്രധാന ഗേറ്റിനുള്ളിൽ പ്രവേശിക്കാനായില്ല. അതേസമയം പള്ളിക്കുള്ളിൽ യാക്കോബായ സഭാംഗങ്ങൾ മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പള്ളി വിട്ടുനൽകില്ലായെന്ന നിലപാടിലാണ് യാക്കോബായ സഭ.
എന്നാല്‍ കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രമെ ചർച്ചയ്ക്കുള്ളുവെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. പിറവം പള്ളിയിൽ വിധി നടപ്പാക്കുകയാണ് വേണ്ടത്. പൊലീസ് നടപടികള്‍ സ്വീകരിക്കുന്നുവരെ കാത്തിരിക്കും. അക്രമത്തിനും സംഘർഷത്തിനും തയ്യാറല്ല. പൂട്ട് പൊളിച്ചു പള്ളിയിൽ കയറില്ലെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി പള്ളി പരിസരത്ത് പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പള്ളിയിൽ പ്രവേശിക്കാനെത്തുന്ന വിശ്വാസികൾക്ക് സുരക്ഷയൊരുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ സുപ്രീം കോടതി വിധി അനുകൂലമാക്കാൻ ഇടനിലക്കാർ സമീപിച്ചെന്ന യാക്കോബായ സഭാധ്യക്ഷൻ തോമസ് പ്രധമൻ കത്തോലിക്കാ ബാവയുടെ തുറന്നുപറച്ചിൽ വലിയ വിവാദങ്ങൾക്ക് വഴി വയ്ക്കുകയാണ്. തലേ ദിവസം വിധി വായിച്ച് കേട്ടതിന് ശേഷം പണം നൽകിയാൽ മതിയെന്നും ഇടനിലക്കാർ പറഞ്ഞതായി ബാവ വെളിപ്പെടുത്തി.
പള്ളിത്തർക്കം പിണറായി സർക്കാരിനും കടുത്ത അടിയാണ്. ഓർത്തഡോക്സുകാർക്ക് പോലീസ് സംരക്ഷണം നൽകണം എന്ന വിധിയെ സർക്കാർ മാനിക്കുന്നില്ല. സുപ്രീം കോടതി വിധി അട്ടിമറിക്കുന്ന രീതിയിലാണ് സർക്കാരിൻ്റെ ഇടപെടൽ. കേസ് വീണ്ടും സുപ്രീം കോടതിയിലെത്തുമ്പോൾ സർക്കാരിന് അവിടെ തലകുനിച്ച് നിൽക്കേണ്ടിവരുമെന്നത് ഉറപ്പാണ്. കോടതി അലക്ഷ്യത്തിന് ശ്രിക്ഷ കിട്ടാനും സാധ്യതയുണ്ട്.