
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണനെതിരേ വിവാദ പ്രസ്താവനയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. നമ്പി നാരായണന്‍ കേസില്‍ നിന്നും കുറ്റവിമുക്തനായപ്പോള്‍ നഷ്ടപരിഹാരവും പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചത് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചതു കൊണ്ടാണെന്ന് സംവരണ ബില്ലിനെതിരെ യൂത്ത് ലീഗ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഫിറോസ് പറഞ്ഞു. ദളിത്- പിന്നാക്ക വിഭാഗത്തിലെ നിരവധി പേര്‍ കള്ളക്കേസില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഉണ്ടാകാത്ത സമീപനമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നമ്പി നാരായണന്റെ കാര്യത്തില്‍ സ്വീകരിച്ചതെന്നും ഫിറോസ് കുറ്റപ്പെടുത്തി. നമ്പി നാരായണന് ഒരു ദിവസം പോലും വൈകാതെ നഷ്ടപരിഹാരം നല്‍കിയ ഇടതു സര്‍ക്കാര്‍ നീതി നിഷേധിക്കപ്പെട്ട മറ്റുള്ളവരോടും ഈ സമീപനം പുലര്‍ത്തണം. അകാരണമായി ജയിലില്‍ അടച്ച്, പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച ഒട്ടേറെപ്പേര്‍ ഇപ്പോഴും പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കും നീതി ഉറപ്പാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.