കൊല്‍ക്കത്ത: നരേന്ദ്ര മോദിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നീക്കി ഇന്ത്യയെയും ബംഗാളിനെയും രക്ഷിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് വര്‍ഗീയ വിഷം വിതറാനുള്ള തീവ്ര ശ്രമത്തിലാണ് വര്‍ഗീയ വാദികള്‍. സഹോദരങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യത്തെ അധ്വാനിക്കുന്ന ജനകോടികള്‍ക്ക് വേണ്ടിയുള്ള പുതിയ നയങ്ങള്‍ കൊൽക്കത്ത പ്ലീനം കാണിച്ചു തരുമെന്നും യെച്ചൂരി വ്യക്തമാക്കി. സി.പി.എമ്മിന്റെ ദേശീയ പ്ളീനം കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ശക്തികള്‍ ഇന്ത്യയുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ ചെറുത്ത് തോല്‍പിക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ മുന്നണിക്ക് മാത്രമെ കഴിയുകയുള്ളൂ. ബി,ജെ.പി തുപ്പുന്ന വര്‍ഗീയ വിഷം കാരണം സഹോദരങ്ങള്‍ തമ്മിലടിക്കുന്ന അവസ്ഥയാണുള്ളത്. മതനിരപേക്ഷ ഇന്ത്യയ്ക്ക് ഇത് നാണക്കേടാണ്- യെച്ചൂരി പറഞ്ഞു. ജനങ്ങള്‍ ഇല്ലെങ്കില്‍ നേതാക്കളില്ല. ജനങ്ങളെ ഒപ്പം നിറുത്താനുള്ള പദ്ധതികളും നടപടികളും പാര്‍ട്ടി ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പുറമേ ശത്രുക്കളും അകത്ത് മിത്രങ്ങളുമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബസു പറഞ്ഞു. തൃണമൂല്‍ ബിജെപി ബാന്ധവം ജനാധിപത്യത്തിന് എതിരേയുള്ള യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ചരിത്രത്തിലെ മൂന്നാമത്തെ പാർട്ടി പ്ലീനത്തിനാണ് കൊൽക്കത്തയിൽ തുടക്കമായത്. പ്രമോദ് ദാസ് ഗുപ്ത ഭവനില്‍ ആരംഭിച്ച പ്ലീനം 31ന് സമാപിക്കും. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക എന്ന അജന്‍ഡയാണ് പ്ലീനം ചർച്ച ചെയ്യുക. കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 88 വീതം ആകെ 443 പ്രതിനിധികൾ പ്ലീനത്തിൽ പങ്കെടുക്കുന്നു.37 വർഷത്തിന് ശേഷമാണ് പാർട്ടി പ്ലീനം നടക്കുന്നത്. 1968ലെ ബർദ്വാൻ പ്ലീനത്തിൽ പാർട്ടി പ്രത്യയ ശാസ്ത്രവും 1978ലെ സാൽക്കിയ പ്ലീനത്തിൽ ദേശീയ അടിസ്ഥാനത്തിലെ സംഘടനാ വളർച്ചയുമാണ് സി.പി.എം ചർച്ച ചെയ്തത്