ന്യൂഡല്‍ഹി: രാജ്യത്തിന്റെ പിന്തുണയോട് കൂടിയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.സി.ഒ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മുന്നിലിരുത്തിയായിരുന്നു മോദിയുടെ പരാമര്‍ശം. ഭീകരവാദത്തിന് പണം നല്കുന്നവരും, തീവ്രവാദികളെ സഹായിക്കുന്നവരും ആ കുറ്റം ഏറ്റെടുക്കാന്‍ തയാറാകണമെന്നും സമ്മേളനത്തില്‍ മോദി ആവശ്യപ്പെട്ടു.
ചര്‍ച്ചയാവാമെന്ന ഇമ്രാന്റെ നിര്‍ദ്ദേശം അംഗീകരിക്കാത്ത മോദി ഹസ്തദാനത്തിന് പോലും തയ്യാറിയില്ല. ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ഭീകരരെ സഹായിക്കുന്നവരെയും പ്രോത്സാഹനം നല്കുന്നവരെയും ഉത്തരവാദികളായി കാണണം. ഇന്ത്യ ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം എന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നുവെന്നും മോദി പറഞ്ഞു.
ഒരു യുദ്ധത്തിന്റെ വക്കോളമെത്തിച്ച ബാലാകോട്ട് മിന്നലാക്രമണത്തിനും വിംഗ് കമാന്‍ഡ്ര്‍ അഭിനന്ദനെ തിരിച്ചയയ്ക്കാനുള്ള ഇമ്രാന്‍ ഖാന്റെ തിരുമാനത്തിനും ശേഷം ആദ്യമായി ഇമ്രാന്‍ഖാനുമായി ഒരേ വേദിയില്‍ എത്തിയ നരേന്ദ്ര മോദി മുഖം നല്കാന്‍ പോലും തയ്യാറായില്ല. ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നിലും മോദി ഇമ്രാനെ അവഗണിച്ചു. ഉച്ചകോടിയില്‍ പാകിസ്ഥാന്റെ പേര് പറയാതെ പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെ മോദി ആഞ്ഞടിച്ചു. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിച്ചു ചേര്‍ക്കണം എന്നും മോദി ആവശ്യപ്പെട്ടു.
ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ തയ്യാറെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കിനോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞതിനു ശേഷമാണ് മോദി അഞ്ഞടിച്ചത്. പ്രശ്‌നത്തില്‍ രാജ്യാന്തര മധ്യസ്ഥതയാവാമെന്ന ഇമ്രാന്റെ നിലപാടും ഇന്ത്യ തള്ളി. രണ്ടു രാജ്യങ്ങള്‍ക്കിടയിലെ വിഷയം മാത്രമാണിതെന്ന് ഇന്നലെ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ അറിയിച്ചിരുന്നു. ഇന്നലെത്തെ വിരുന്നിനിടെ രാജ്യന്തര മര്യാദ ഇമ്രാന്‍ ലംഘിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.
നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ മോദിയും ഷി ജിന്‍പിങ്ങുമൊക്കെ എണീറ്റു നില്‍ക്കുമ്പോള്‍ ഇമ്രാന്‍ ഇരുന്നു. പിന്നീട് സംഘാടകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്രാന്‍ എണീക്കാന്‍ തയ്യാറായത്. ആദ്യ സര്‍ക്കാരിന്റെ കാലത്ത് നവാസ് ഷെരിഫിനോട് സൗഹൃദം കാട്ടിയ മോദി അതേ നിലപാട് ഇമ്രാന്‍ പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യാ-പാക് സമഗ്ര ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള സാധ്യതകള്‍ തല്‍ക്കാലം അടയ്ക്കുന്നതാണ് ബിഷ്‌ക്കെക്കിലെ കാഴ്ചകള്‍.