തിരു: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പ്രത്യേകവിമാനത്തിൽ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ സ്വീകരിച്ചു. മോദി ശനിയാഴ്ച രാവിലെ ഏഴിനു കൊച്ചിയിലേയ്ക്കു തിരിക്കും. ഗവർണറും മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കും. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനും ദുരിതത്തിന്‍റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കുന്നതിനുമാണ് മോദി കേരളത്തിലെത്തിയത്. നാളെ പ്രളയബാധിത പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ മരണാനന്തര കർമങ്ങളിൽ പങ്കെടുത്ത ശേഷമാണ് മോദി അദ്ദേഹം ദില്ലിയിൽ നിന്നും പുറപ്പെട്ടത്. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ സന്ദർശിക്കുകയാണ് പ്രധാന പരിപാടി.
ഇന്ന് രാത്രി 11 മണിയോടെയാണ് തിരുവനന്തപുരം വിമാനതാവളത്തില്‍ പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രിയും ഗവര്‍ണറും സ്വീകരിച്ചു. രാത്രി രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം രാവിലെ നേവൽബേസിൽനിന്നും ഹെലികോപ്ടറിൽ സന്ദർശനം തുടങ്ങും. പ്രളയ ബാധിത പ്രേദശങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തു. രണ്ടര മണിക്കൂർ അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ പത്തരയോടെ പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും.പ്രളയക്കെടുതി മൂലം രൂപപ്പെട്ട സവിശേഷ സാഹചര്യം ഗുരുതരമായി തുടരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതേസമയം ചെങ്ങന്നൂരിൽ അടിയന്തര സഹായം ആവശ്യപ്പെട്ട് സജി ചെറിയാൻ എംഎൽഎ രംഗത്തെത്തി.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നു മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ചയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. അതിനടുത്ത ദിവസം എല്ലാ ജില്ലകളിലും മഴ ദുർബലമാകുമെന്നാണു വിലയിരുത്തൽ. കാസർകോട്, തിരുവനന്തപുരം ജില്ലകളൊഴികെ 12 ജില്ലകളിലും അതീവജാഗ്രതാ നിർദേശം (റെഡ് അലർട്ട്) തുടരും.